കൽപ്പറ്റ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിമതരെ തളളാനും കൊളളാനും വയ്യാത്ത നിലയിൽ യു.ഡി.എഫ് നേതൃത്വം. ജില്ലയിൽ ഏറ്റവും കൂടുതൽ വിമത ഭീഷണി യു.ഡി.എഫിലാണ്.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുളള അവസാന ദിവസമായ തിങ്കളാഴ്ച ഉച്ചവരെ വിമതരുമായി ചർച്ച ചെയ്തിട്ടും വിമതരായ പലരേയും അനുനയിപ്പിക്കാൻ കഴിഞ്ഞില്ല. യു.ഡി.എഫിൽ തന്നെ കോൺഗ്രസിനാണ് വിമത ശല്യം കൂടുതൽ. മുസ്ലീം ലീഗിലും വിമതരുണ്ട്. വിമതർക്കെതിരെ പെട്ടെന്ന് ശിക്ഷാ നടപടിയും പ്രായോഗികമാവില്ല. ചില സ്ഥലങ്ങളിൽ ഒൗദ്യോഗിക സ്ഥാനാർത്ഥികളെക്കാൾ വിമതർക്ക് അംഗീകാരം വർദ്ധിച്ച് വരുന്നുമുണ്ട്. കൽപ്പറ്റ നഗരസഭയിൽ കോൺഗ്രസിലെ പ്രമുഖർ മത്സരിക്കുന്ന സീറ്റുകളിലാണ് വിമതർ തലപൊക്കിയത്. കൽപ്പറ്റ മുനിസിപ്പൽ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ പി.പി.ആലിക്കെതിരെ തുർക്കിയിൽ വിമതനായി ടി.ജെ.സക്കറിയാസ് രംഗത്തുണ്ട്. റിട്ട എസ്.ഐയും കോൺഗ്രസ് അനുഭാവ സർവീസ് സംഘടനയുടെ ഭാരവാഹിയുമാണ് സക്കറിയാസ്. പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമാണ്. റസിഡൻസ് അസോസിയേഷന്റെ പിന്തുണയോടെയാണ് താൻ മത്സരിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. മുനിസിപ്പൽ ഒാഫീസ് വാർഡിൽ നിന്ന് മത്സരിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറിയും നിലവിലെ കൗൺസിലറുമായ അഡ്വ: ടി.ജെ.ഐസക്കിനും വിമതനുണ്ട്. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷിഹാബ് കാച്ചാസ് ആണ് റിബലായി നിൽക്കുന്നത്. യുവാക്കൾക്ക് പരിഗണന നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് താൻ മത്സര രംഗത്തേക്ക് വന്നതെന്ന് ഷിഹാബ് പറയുന്നു. അഡലൈഡ് വാർഡിൽ നാവസ്, വിഷ്ണു ഭാസ്ക്കരൻ എന്നീ രണ്ട് പേർ വിമതരായി രംഗത്തുണ്ട്. പുതിയ ബസ് സ്റ്റാന്റ് വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.അജിതക്കെതിരെ കോൺഗ്രസിൽ നിന്നുളള സിസിലി മത്സരിക്കുന്നുണ്ട്. കൽപ്പറ്റ നഗരസഭയിൽ മുൻ ചെയർപേഴ്സൺ ബിന്ദു ജോസ് മത്സര രംഗത്ത് വന്നത് എൽ.ഡി.എഫിനെയും പ്രതിസന്ധിയിലാക്കി. റാട്ടക്കൊല്ലി വാർഡിലാണ് ബിന്ദു ജോസ് സ്വതന്ത്രയായി മത്സരിക്കുന്നത്. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് ഇവരെ എൽ.ജെ.ഡി പുറത്താക്കിയെങ്കിലും മത്സര രംഗത്ത് ഉറച്ച് നിൽക്കാൻ തന്നെയാണ് തീരുമാനം. ബത്തേരി മുനിസിപ്പാലിറ്റിയിൽ മന്തണ്ടിക്കുന്നിലും കല്ലുവയലിലും വിമത ശല്യമുണ്ട്. മന്തണ്ടിക്കുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാജേഷ് കുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഇവിടെ അബ്ദുൾ സലാം സ്വതന്ത്രനായി രംഗത്തുണ്ട്. കല്ലുവയലിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നിലവിലെ കൗൺസിലർ ലീല പാൽപ്പാത്താണ് മത്സരിക്കുന്നത്. മാനന്തവാടി മുനിസിപ്പാലിറ്റിയിൽ താഴെയങ്ങാടി ഡിവിഷനിൽ യു.ഡി.എഫ് മുസ്ലീം ലീഗിന് നൽകിയ സീറ്റിൽ കോൺഗ്രസ് വിമതൻ മത്സര രംഗത്തുണ്ട്. മുൻ പഞ്ചായത്ത് മെമ്പറായ ഷാജി ബെർലിയാണ് നേതൃത്വത്തെ ധിക്കരിച്ച് മത്സരിക്കാനിറങ്ങിയത്. മുസ്ലീം ലീഗിലെ അരുൺ കുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കുഴിനിലം വാർഡിൽ മുൻ പഞ്ചായത്ത് മെമ്പറായ രേഖ രാജീവനാണ് വിമതയായി രംഗത്ത് വന്നത്. ഇവിടെ ചില കോൺഗ്രസ് നേതാക്കൾ രേഖയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുൽപ്പളളി ഇരുപതാം വാർഡിലെ കുറുവയിൽ കോൺഗ്രസിലെ എൻ.ഡി.ജോളിക്കെതിരെ വി.കുഞ്ഞുമോൾ മത്സര രംഗത്തുണ്ട്. മുളളൻകൊല്ലി പഞ്ചായത്തിലെ ഭൂദാനംകുന്ന് വാർഡിൽ കോൺഗ്രസിലെ മുൻ പഞ്ചായത്ത് മെമ്പർ ജോസ് നെല്ലേടം വിമതനാണ്. പൂതാടി പഞ്ചായത്തിലെ നടവയലിൽ കോൺഗ്രസിലെ മീന ശങ്കർ വിമതയായി. വെളളമുണ്ട ഗ്രാമ പഞ്ചായത്തിൽ എട്ടേനാൽ അഞ്ചാം വാർഡ്, കോക്കടവ് ഏഴാം വാർഡ് എന്നിവിടങ്ങളിൽ വിമതശല്യമുണ്ട്. പഴഞ്ചന വാർഡിൽ ലീഗ് സ്ഥാനാർത്ഥിക്കെതിരെ ആസ്യ മുരുട മത്സരിക്കുന്നു. കോക്കടവിൽ കോൺഗ്രസ് പ്രവർത്തക ആലീസാണ് വിമതയായത്. കോട്ടത്തറ, മുട്ടിൽ, വെങ്ങപ്പളളി പഞ്ചായത്തുകളിലും യു.ഡി.എഫിന് വിമതശല്യമുണ്ട്. കോട്ടത്തറ ഏഴാം വാർഡിൽ മുൻ മെമ്പർ ഇ.എസ്. ജോണിയാണ് വിമത സ്ഥാനാർത്ഥി.മുട്ടിൽ പതിനാറാം വാർഡിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിക്കെതിരെ ലീഗിലെ തന്നെ നൗഷാദ് മത്സര രംഗത്തുണ്ട്. വെങ്ങപ്പളളി പഞ്ചായത്തിൽ ഏഴാം വാർഡിൽ കോൺഗ്രസിന് രാരി മാത്യുവാണ് വിമത. വിമത ശല്യം ഒഴിവാക്കാൻ യു.ഡി.എഫ് ജില്ലാ നേതൃത്വം അവസാന വട്ട ശ്രമത്തിലാണ്.