കൽപ്പറ്റ: ആദ്യ പിന്നണി ഗാനം തന്നെ ശ്രദ്ധിക്കപ്പെട്ട സന്തോഷത്തിലാണ് പിണങ്ങോട് സ്വദേശിനി സൗമ്യ ബിജോയ് കുറുപ്പ്. കെ.ആർ.പ്രവീൺ സംവിധാനം ചെയ്ത 'തമി' എന്ന ഷൈൻ ടോം ചാക്കോ ചിത്രത്തിലെ 'മിയാ സുഹാ രംഗേ.. എന്ന ഗാനമാണ് പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ വിശ്വജിത്തിനൊപ്പം സൗമ്യ പാടിയത്. കഴിഞ്ഞ ദിവസം മഞ്ജു വാര്യർ അടക്കമുള്ള 9 പേർ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ഈ ഗാനം പതിനായിരങ്ങളാണ് യൂട്യൂബിലൂടെ ഈ ഗാനം ആസ്വദിച്ചത്. ഫൗസിയ അബൂബക്കറിന്റെ വരികൾക്ക് സംഗീതം നൽകിയത് സി.ടി.വിശ്വജിത്താണ്. സോഷ്യൽ മീഡിയയിൽ പാടിയ ഒരു ഗാനം സംഗീത സംവിധായകൻ വിശ്വജിത്ത് കണ്ടതോടെയാണ് സിനിമാ വഴിയിൽ സൗമ്യയ്ക്ക് അവസരം തെളിഞ്ഞത്. ആദ്യ ചിത്രത്തിൽ തന്നെ മറ്റൊരു ഗാനത്തിന് കൂടി ശബ്ദം നൽകാൻ അവസരം ലഭിച്ചു.
മൂന്ന് വയസുമുതൽ സംഗീതം അഭ്യസിക്കുന്ന സൗമ്യയുടെ ആദ്യ ഗുരു അമ്മ സുചിത്രയാണ്. ഒപ്പം നൃത്തവും പരിശീലിച്ചു. സ്‌കൂൾ കലോൽസവങ്ങളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിൽ തുടർച്ചയായി സമ്മാനങ്ങൾ നേടി. ലളിതഗാനം, മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, പദ്യപാരായണം, കഥാപ്രസംഗം,ഗസൽ എന്നിവയിലും സമ്മാനങ്ങൾ തേടിയിട്ടുണ്ട്. അഞ്ചുവർഷം വയനാട് ജില്ലയിലെ കലാതിലക പട്ടം നേടാൻ കഴിഞ്ഞു. ഒപ്പം ഉർദു പദ്യപാരായണത്തിൽ സംസ്ഥാന തലത്തിൽ രണ്ടുവർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഓൾ ഇന്ത്യാ റേഡിയോ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റും സംഗീത അദ്ധ്യാപികയുമായ സൗമ്യ കൽപ്പറ്റയിൽ സ്വന്തമായി ഒരു സംഗീത സ്‌കൂൾ നടത്തുന്നുണ്ട്.
പിണങ്ങോട് ഐശ്വര്യയിൽ ശ്രീധരൻ-സുചിത്ര ദമ്പതികളുടെ മകളായ സൗമ്യ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയാണ്. ഭർത്താവ് മുട്ടിൽ സ്വദേശി ബിജോയി. ഏക മകൾ ശ്രദ്ധ ബിജോയ്.