കോഴിക്കോട്: വിമാന ദുരന്തം നടന്ന് നാലു മാസം ആകുമ്പോഴും കരിപ്പൂർ ടേബിൾ ടോപ്പ് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അനുമതി നൽകുന്നില്ല. 21 പേർ മരിച്ച ആഗസ്റ്റ് 7ലെ ദുരന്തത്തിന്റെ പേരിലാണ് വിലക്ക് തുടരുന്നത്. അപകടം അന്വേഷിച്ച ഏജൻസികൾ റിപ്പോർട്ട് സമർപ്പിക്കാത്തതാണ് വ്യോമയാന വകുപ്പ് കാരണമായി പറയുന്നത്.
വലിയ വിമാനങ്ങൾ ഇറങ്ങാൻ 2200 മീറ്റർ റൺവേ മതി. കരിപ്പൂരിൽ 2750 മീറ്റർ റൺവേയുണ്ട്.
എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ , ഇന്ത്യൻ പൈലറ്റ് ക്ളബ്ബ് , എയർ ഇന്ത്യ എക്സ്‌പ്രസ്, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ടീം എന്നിവയുടെ പരിശോധനകളിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ സാങ്കേതിക തടസം ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.
യാത്രക്കാരുടെ സുരക്ഷയ്‌ക്ക് വലിയ പ്രാധാന്യം നൽകുന്ന സൗദി അറേബ്യൻ എയർലൈൻസ്, എമിറേറ്റ്സ് എയർ ലൈൻസ് തുടങ്ങിയ വിദേശ വിമാന കമ്പനികളുടെ വിദഗ്ദ്ധ സംഘം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലും കുഴപ്പങ്ങൾ കണ്ടെത്തിയില്ല. കരിപ്പൂരിൽ നിന്ന് സർവീസ് തുടങ്ങാൻ അവരെല്ലാം സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
അപകടത്തിലേക്ക് നയിച്ച
കാരണങ്ങളിലൊന്ന് ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിന്റെ തകരാറായിരുന്നു. അത് നന്നാക്കുന്നതിന് പകരം മഹാരാഷ്ട്രയിലെ ഗോണ്ടിയ വിമാനത്താവളത്തിന് വേണ്ടി വാങ്ങിയ പുതിയ ഉപകരണം തന്നെ കരിപ്പൂരിൽ എത്തിച്ചിട്ടുണ്ട്. കേട് വന്ന ആന്റിന, ലോക്കലൈസർ എന്നിവ നന്നാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ പുതിയത് വാങ്ങി. മഴ പെയ്താൽ റൺവേക്ക് ഗ്രിപ്പ് ഉണ്ടാവില്ലെന്നതാണ് മറ്റൊരു കാരണമായി പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ റൺവേയിലെ വെള്ളം നീക്കാനുള്ള ഉപകരണങ്ങൾ എയർപോർട്ടിൽ ഉണ്ട്. റൺവേയിലെ ലാൻഡിംഗ് ഏരിയയിൽ ഉൾപ്പെടെ വിമാനത്തിന്റെ ടയർ ഉരഞ്ഞുണ്ടായ അമിത മിനുസം പരിഹരിക്കുകയും അത് സിവിൽ ഏവിയേഷൻ അധികൃതർ എത്തി പരിശോധിച്ച് സർട്ടിഫൈ ചെയതിട്ടുമുണ്ട്.
റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ മാത്രമാണ് നടക്കാതെ പോയത്. ജനങ്ങളുടെ എതിർപ്പാണ് കാരണം. സംസ്ഥാന സർക്കാർ കരിപ്പൂർ വിമാനത്താവള കാര്യത്തിൽ താത്പര്യം കാട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റാനും നീക്കമുണ്ട്. നഷ്ടത്തിലായ കണ്ണൂർ വിമാനത്താവളത്തെ ഹജ്ജ് സർവീസിലൂടെ ലാഭത്തിലാക്കാമെന്നാണ് കണക്കുകൂട്ടൽ.