കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്കും സമ്പർക്ക വിലക്കിൽ കഴിയുന്നവർക്കും പ്രത്യേക തപാൽ വോട്ട് ചെയ്യാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
വോട്ടെടുപ്പ് തീയതിയുടെ പത്ത് ദിവസം മുൻപ് ആരോഗ്യവകുപ്പിന്റെ പോസിറ്റീവ് പട്ടികയിലുളളവർക്കും വോട്ടെടുപ്പിന് തലേദിവസം വൈകീട്ട് മൂന്ന് വരെ കൊവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിലുളളവർക്കും പ്രത്യേക തപാൽ വോട്ട് ചെയ്യാം. ഇവരെ പ്രത്യേകം വോട്ടർമാരായി കണക്കാക്കും. ഇവരുടെ വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
ഡിസംബർ ഒന്ന് മുതൽ വോട്ടെടുപ്പിന്റെ തലേ ദിവസമായ 9 ന് വൈകീട്ട് 3 വരെ പോസിറ്റീവാകുന്നവർക്കും ക്വാറന്റീനിൽ ആകുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. 9 ന് വൈകീട്ട് 3 നു ശേഷം പോസിറ്റീവാകുന്നവർക്ക് തിരഞ്ഞെുടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറിൽ പൂർണ സുരക്ഷാ ക്രമീകരണങ്ങളോടെ ബൂത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യാം. ഇത്തരത്തിൽ എത്തുന്നവരുടെ വാഹനം വേർതിരിച്ച കാബിൻ സൗകര്യം ഉളളതായിരിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
പോസിറ്റീവായോ ക്വാറന്റൈനിലായോ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക വോട്ടർ പട്ടികയിൽ ഉൾപ്പെട്ടു കഴിഞ്ഞാൽ പിന്നീട് വോട്ടർ നെഗറ്റീവായാലും നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടാലും പോസ്റ്റൽ വോട്ട് തന്നെ ചെയ്യണം. ജില്ലയിൽ ചികിത്സയിൽ കഴിയുന്ന മറ്റ് ജില്ലക്കാരുടെ വിവരങ്ങൾ അതത് ജില്ലകളിലെ വരണാധികാരികൾക്ക് കൈമാറുമെന്നും അവർ പറഞ്ഞു.
പട്ടിക തയ്യാറാക്കുക മെഡിക്കൽ ഓഫീസർ
പ്രത്യേകം ചുമതല നൽകിയ ജില്ലാതല മെഡിക്കൽ ഓഫീസറാണ് സ്‌പെഷ്യൽ വോട്ടർമാരുടെ പട്ടിക തയ്യാറാക്കുക. ജില്ലയിൽ ഡി.എച്ച്.ഒ ആയി ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ടി.പി അഭിലാഷിനെയാണ് നിയമിച്ചിരിക്കുന്നത്. ലിസ്റ്റിന്റെ ആദ്യപട്ടിക വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പ് മെഡിക്കൽ ഓഫീസർ ജില്ലാ കലക്ടർക്ക് കൈമാറും. വോട്ടെടുപ്പിന്റെ തലേദിവസം വൈകുന്നേരം 3 വരെ ഓരോ ദിവസവും ദൈനംദിന പട്ടികയും ഇത്തരത്തിൽ തയ്യാറാക്കും.
കൊവിഡ് പോസിറ്റീവ്, ക്വാറന്റീനിൽ കഴിയുന്നവർ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാക്കി പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്. ക്വാറന്റീനിൽ കഴിയുന്നവരുടെ ഗ്രൂപ്പ് വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും. കൊവിഡ് പോസിറ്റീവ് ആയവരുടെ വിവരങ്ങൾ നൽകില്ല.
തപാൽ ബാലറ്റ് ലഭിക്കുന്നത് എങ്ങനെ
കൊവിഡ് ബാധിതരുടെയും സമ്പർക്ക വിലക്കിൽ കഴിയുന്നവരുടെയും വോട്ട് രേഖപ്പെടുത്തുന്നതിന് സ്‌പെഷ്യൽ പോളിംഗ് ഓഫീസറും സ്‌പെഷ്യൽ പോളിംഗ് അസിസ്റ്റന്റും അടങ്ങിയ പ്രത്യേക സംഘം താമസ കേന്ദ്രങ്ങളിലെത്തും. തപാൽ ബാലറ്റ് സ്വീകരിക്കാനും നിരസിക്കാനും വോട്ടർക്ക് അവകാശമുണ്ട്. സ്വീകരിച്ചാൽ സ്‌പെഷ്യൽ പോളിംഗ് ഓഫീസർ നൽകുന്ന ഫോം 19 ബി യിൽ ഒപ്പിട്ട് നൽകണം. വോട്ട് രഹസ്യ സ്വഭാവത്തിൽ വേണം രേഖപ്പെടുത്താൻ. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പോളിംഗ് ഓഫീസർക്ക് മടക്കി നൽകാം. അതിന് രസീത് ലഭിക്കും. ബാലറ്റ് സ്വീകരിച്ച ശേഷം വോട്ട് രേഖപ്പെടുത്തി സ്‌പെഷ്യൽ പോളിംഗ് ഓഫീസർക്ക് കൈമാറാത്തവർ വോട്ടെണ്ണൽ അവസാനിക്കുന്നതിന് മുമ്പ് രജിസ്‌ട്രേഡ് തപാലിലോ നേരിട്ടോ വരണാധികാരികൾക്ക് ബാലറ്റ് എത്തിക്കണം. ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടത് പോളിങ് ഓഫീസറോ മെഡിക്കൽ ഓഫീസറോ ആണ്. സ്‌പെഷ്യൽ പോളിംഗ് ഓഫീസർ രോഗികളുടെ അടുത്ത് എത്തുന്നതിന് നിശ്ചയിച്ചിട്ടുളള സമയം സ്ഥാനാർത്ഥികളെയും അറിയിക്കും.
തപാൽ ബാലറ്റ് ലഭിക്കുന്നതിനായി വരണാധികാരികൾക്ക് ഫോം 19 ഡി യിൽ അപേക്ഷ നൽകിയും കൊവിഡ് രോഗികൾക്കും ക്വാറന്റീനുള്ളവർക്കും തപാൽ വോട്ട് ചെയ്യാം. അപേക്ഷയോടൊപ്പം അർഹത തെളിയിക്കുന്ന മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രമായ ഫോം 19 സി യും സമർപ്പിക്കണം. വോട്ടു രേഖപ്പെടുത്തിയ ശേഷം തപാലിൽ വരണാധികാരികൾക്ക് ഇത് അയയ്ക്കുകയാണ് വേണ്ടത്.
പ്രത്യേക തപാൽ വോട്ടുളളവർ നേരിട്ട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് വരണാധികാരികൾ ഉറപ്പാക്കും. തപാൽ വോട്ടിങ്ങുമായി ബന്ധപ്പെട്ട നടപടി വോട്ടെടുപ്പിന്റെ തലേദിവസം വൈകീട്ട് ആറിനകം പൂർത്തിയാകും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം
ഓരോ വോട്ടർക്കുമുളള ഫോമുകൾ പ്രത്യേകം കവറുകളിലാണ് സൂക്ഷിക്കേണ്ടത്. ബാലറ്റ് പേപ്പറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ സ്‌പെഷ്യൽ പോളിംഗ് ഓഫീസറും വോട്ടറും മാത്രമേ കൈകാര്യം ചെയ്യാൻ പാടുളളു. സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസിങ് എന്നിവ നിർബന്ധമാണ്. ഉപയോഗിച്ച സ്‌പെഷ്യൽ ബാലറ്റ് പേപ്പറുകളും ഫോമുകളും സൂക്ഷിക്കാൻ വരണാധികാരികൾ പ്രത്യേകം സ്ഥലം ഒരുക്കണം.