കൽപറ്റ: ടൂറിസം പ്രധാന ചർച്ചാവിഷയമാണ് ജില്ലാ പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷനിൽ. വിനോദസഞ്ചാര കേന്ദ്രങ്ങളായ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ബാണാസുരസാഗർ, തരിയോട് പഞ്ചായത്തിലെ കർലാട് ശുദ്ധജല തടാകം, കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പാലക്കോട്ട എന്നിവ ഈ ഡിവിഷനിലാണ്. ഈ കേന്ദ്രങ്ങളുടെ വികസനമാണ് സ്ഥാനാർത്ഥികൾ പ്രചാരണത്തിനുപയോഗിക്കുന്നത്.
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എം.മുഹമ്മദ് ബഷീർ യു.ഡി.എഫിന്റെയും എൽ.ജെ.ഡിയിലെ ഷബീർ അലി പുത്തൂർ എൽ.ഡി.എഫിന്റെയും ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ആനന്ദ്കുമാർ എൻ.ഡി.എയുടെയും സ്ഥാനാർത്ഥികൾ.
34 ഗ്രാമപഞ്ചായത്ത് വാർഡുകളാണ് പടിഞ്ഞാറത്തറ ഡിവിഷനിൽ. പടിഞ്ഞാറത്ത പഞ്ചായത്ത് പൂർണമായും തരിയോട് പഞ്ചായത്തിലെ 10 ഒഴികെ വാർഡുകളും കോട്ടത്തറ പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,ഒമ്പത്,12,13 വാർഡുകളും ഡിവിഷന്റെ ഭാഗമാണ്. മുപ്പതിനായിരത്തോളം വോട്ടർമാർ.
1995ൽ മാത്രമേ യു.ഡി.എഫ് ഡിവിഷനിൽ പരാജയപ്പെട്ടിട്ടുള്ളൂ. 2010ൽ 2,890 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചയാളാണ് മുഹമ്മദ് ബഷീർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗിലെ കെ.ബി.നസീമയായിരുന്നു വിജയി. ഇവർ അദ്ധ്യക്ഷയായിരിക്കെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി കാലാവധി പൂർത്തിയാക്കിയത്.
വീടുകളും സ്ഥാപനങ്ങളും കയറി വോട്ടുറപ്പിക്കുന്നതിനൊപ്പം നവമാധ്യമങ്ങളെയും യു.ഡി.എഫ് പ്രചാരണത്തിനുപയോഗപ്പെടുത്തുന്നുണ്ട്. യൂത്ത് കോൺഗ്രസ്,യൂത്ത് ലീഗ്പ്രവർത്തകരാണ് സ്ഥാനാർഥിയെ നവമാധ്യമങ്ങളിലൂടെ വോട്ടർമാരിലെത്താൻ സഹായിക്കുന്നത്.
യു.ഡി.എഫിന്റെ കോട്ട പിളർക്കാനുള്ള തന്ത്രങ്ങളുമായി എൽ.ഡി.എഫും പ്രചാരണരംഗത്തു നിറഞ്ഞുനിൽക്കുന്നു.
യുവജനതാദൾ സംസ്ഥാന സെക്രട്ടറിയാണ് ഷബീർ അലി. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും പ്രചരണം.
ഓരോ ഗ്രാമപഞ്ചായത്ത് വാർഡിലും 19 അംഗ മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിച്ചാണ് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പു പ്രചാരണം. കേന്ദ്ര സർക്കാർ പദ്ധതികൾ ചൂട്ടിക്കാട്ടിയും ടൂറിസം വികസനത്തിന് കേന്ദ്ര പദ്ധതികൾ കൊണ്ടുവരുമെന്ന് ഉറപ്പുനൽകിയുമാണ് എൻ.ഡി.എ പ്രചാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3,338 വോട്ടാണ് ഡിവിഷനിൽ എൻ.ഡി.എയ്ക്കു ലഭിച്ചത്.
പടിഞ്ഞാറത്തറ മണ്ണാർത്തൊടി കുടുംബാംഗമാണ് 59 കാരനായ എം.മുഹമ്മദ് ബഷീർ. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ഇദ്ദേഹം രണ്ടുതവണ പടിഞ്ഞാറത്തറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ഭാര്യ സീനത്തും നൗഷജ ബഷീർ,മുഹമ്മദ് നജ്വാൻ,നാജിയ ബഷീർ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
55കാരനാണ് വെങ്ങപ്പള്ളി വാവാടി വൈഷ്ണവത്തിൽ പി.ജി.ആനന്ദ്കുമാർ. ജില്ലാ പഞ്ചായത്തിലേക്കു മൂന്നാം തവണയാണ് മത്സരക്കുന്നത്.ഭാര്യ നിജികുമാരിയും മകൾ ആര്യയും അടങ്ങുന്നതാണ് കുടുംബം.
വെള്ളമുണ്ട പുത്തൂർ ഷബീർ മൻസിലിൽ മമ്മൂട്ടി റംല ദമ്പതികളുടെ മകനാണ് 35കാരനായ ഷബീർ അലി പൂത്തൂർ.ഭാര്യ ഫസ്നയും ഹയ,യാറ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
പടംഎം.മുഹമ്മദ് ബഷീർ,ഷബീർ അലി പൂത്തൂർ,പി.ജി. ആനന്ദ്കുമാർ.