കുന്ദമംഗലം: സംസ്ഥാനത്തെ ഏക സബ് താലൂക്കും ജില്ലയിൽ കൂടിയ വരുമാനമുള്ള പഞ്ചായത്തുകളിൽ ഒന്നുമാണ് കുന്ദമംഗലം. അയൽ പഞ്ചായത്തുകൾ മിക്കതും മുനിസിപ്പാലിറ്റികളായി ഉയർന്നിട്ടും സ്പെഷ്യൽ ഗ്രേഡായ കുന്ദമംഗലം ഇപ്പോഴും ഗ്രാമപഞ്ചായത്തായി തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളായ ഐ.ഐ.എം, സ്ക്കൂൾ ഒഫ് മാത്തമറ്റിക്സ്, സി.ഡബ്ല്യു.ആർ.ഡി.എം എന്നിവയുടെ ആസ്ഥാനമായ കുന്ദമംഗലത്തിന് അനുയോജ്യമായ ടൗൺ പ്ലാനിംഗോ നഗര സൗന്ദര്യവത്ക്കരണമോ ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ല. 1956 ഒക്ടോബർ ഒന്നിനാണ് പഞ്ചായത്ത് നിലവിൽ വന്നത്. അന്നു മുതൽ യു.ഡി.എഫിന്റെ ശക്തികേന്ദ്രമാണ് കുന്ദമംഗലം. ഇതിനിടെ എൽ.ഡി.എഫിന് ഒരിക്കൽ ഭരണം ലഭിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പല വാർഡുകളിലും ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതിനാൽ ഇത്തവണ ബി.ജെ.പി ഏറെ പ്രതീക്ഷയിലാണ്. എന്നാൽ ഭരണം കൈവിട്ടുപോകാതിരിക്കാൻ യു.ഡി.എഫ് പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഇറക്കിയാണ് പോരാട്ടം. എൽ.ഡി.എഫ് ആകട്ടെ ചിട്ടയായ തിരഞ്ഞെടുപ്പ് പ്രചീരണവുമായി മുന്നിലുണ്ട്. 23 വാർഡുകളുള്ള പഞ്ചായത്തിൽ കോൺഗ്രസിലെ ലീനാ വാസുദേവനാണ് നിലവിലെ പ്രസിഡന്റ്.
'അയൽ പഞ്ചായത്തുകളെ താരതമ്യം ചെയ്യുമ്പോൾ വികസനരംഗത്ത് വൻപരാജയം. ടൗൺവികസനത്തിനനുസരിച്ചുള്ള മത്സ്യമാർക്കറ്റ് വേണം. വയോജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ പകൽവീട് നിർമ്മിക്കണം. അങ്ങാടി ശുചീകരണം കാര്യക്ഷമമല്ല. അൻപത് വർഷങ്ങൾക്ക് മുമ്പും ഇപ്പോഴും രണ്ട് പേർ തന്നെയാണ് തൂപ്പുകാർ. വോളിബാൾ, ഫുട്ബാൾ പരിശീലനത്തിന് മൈതാനങ്ങളില്ല. പഞ്ചായത്ത് ഭരണസമിതിയിലേക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കണം'- കണ്ണോറ ജയരാജൻ
' ഗതാഗതക്കുരുക്കാണ് കുന്ദമംഗലത്തിന്റെ പ്രതാപം കെടുത്തുന്നത്. താലൂക്കായി ഉയർത്തണമെന്ന ആവശ്യത്തിനും കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തിചികിത്സ പുനരാരംഭിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. അങ്ങാടിയിലേക്ക് പ്രവേശിക്കുന്ന കുപ്പിക്കഴുത്ത് റോഡുകൾ വീതികൂട്ടിയാൽ ഗതാഗതക്കുരുക്കിന് ശമനമുണ്ടാകും . വാഹന പാർക്കിംഗിന് അങ്ങാടിയിൽ മതിയായ സൗകര്യമില്ല. അനധികൃത കെട്ടിട നിർമ്മാണങ്ങൾ തടയണം' - പിഎംശേഖരൻ
'കലാകാരന്മാരെ പരിപോഷിപ്പിക്കുന്ന പദ്ധതികൾ നാളിതുവരെ പഞ്ചായത്ത് മുന്നോട്ട് വെച്ചിട്ടില്ല. അങ്ങാടിയിൽ ശുദ്ധജല വിതരണ സംവിധാനം കാര്യക്ഷമമാക്കണം. വിവിധ സ്ഥലങ്ങളിലായുള്ള മത്സ്യ-മാംസ മാർക്കറ്റുകൾ തിരക്കുള്ള അങ്ങാടിയിൽനിന്ന് ഒരു പ്രത്യേക സ്ഥലത്ത് മാറ്റി സ്ഥാപിക്കണം' -കാർത്തികേയൻ.
അങ്ങാടിയിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ വലിയ ബുദ്ധിമുട്ടാണ് . സുൽത്താൻബത്തേരി അങ്ങാടി മാതൃകയാക്കി നമ്മുടെ അങ്ങാടിയും സൗന്ദര്യവത്ക്കരിക്കണം. കുന്ദമംഗലത്തെ വ്യാപാര സ്ഥാപനങ്ങളെയും സർക്കാർ ഓഫീസുകളെയും മാലിന്യമുക്തവും വൃത്തിയുള്ളതുമായ സ്ഥാപനങ്ങളാക്കി മാറ്റണം'- അക്ഷയകുമാർ