1
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 9ാം വാർഡ് എൽ.ഡി.എഫ് സ്വാതന്ത്ര സ്ഥാനാർത്ഥി അസ്ലം കക്കാട്ടുമ്മലിന്റെ ഫോട്ടോഷൂട്ടിൽ നിന്ന്

കോഴിക്കോട്: പ്രചാരണത്തിന്റെ പലവഴികളിലാണ് മുന്നണികൾ. തിരഞ്ഞെടുപ്പ് കാഴ്ചയും പലതരം. പോസ്റ്ററുകൾ വെറൈറ്റിയാക്കാൻ സ്ഥാനാർത്ഥികൾ മത്സരിക്കുന്നതാണ് ഇത്തവണത്തെ വേറിട്ട കാഴ്ച. ചിരിക്കുന്ന പതിവ് ചിത്രം ഒഴിവാക്കാൻ സ്ഥാനാർത്ഥികളെല്ലാം ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. സ്ഥാനാർത്ഥികളുടെ തൊഴിലും നിത്യ ജീവിതവും സ്പർശിക്കുന്ന ഫോട്ടോകളാണ് ഏറെയും ചിത്രീകരിക്കുന്നത്. ഓരോ സ്ഥാനാർത്ഥിയുടെയും ഫോട്ടോകൾക്ക് വ്യത്യസ്തത കൊണ്ടുവരാൻ ഫോട്ടോഗ്രാഫ‌ർമാരും ഡിസൈനർമാരും മത്സരിക്കുന്നു. സ്ഥാനാർത്ഥിയും ചിഹ്നവും പോസ്റ്ററിൽ തെളിയുന്ന രീതി മാറ്റി രണ്ടോ അതിലധികമോ ആളുകളെ ഉൾപ്പെടുത്തി ഏതെങ്കിലും ഒരു തീമിൽ തയ്യാറാക്കുന്ന ഔട്ട് ഡോർ പോസ്റ്ററുകൾക്കാണ് പ്രിയമേറെ. രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി സ്ഥിരം ഫോട്ടോ എടുക്കുന്ന സ്റ്റുഡിയോക്കാരാണ് വ്യത്യസ്തത ഏറെയുള്ള പോസ്റ്ററുകളും തയ്യാറാക്കുന്നത്. സ്ഥാനാർത്ഥികൾക്ക് ആവശ്യമൊന്നേയുള്ളൂ ഫോട്ടോ കണ്ടാൽ വോട്ട് പോരണം. പോസ്റ്റർ, ബാനർ, അഭ്യർത്ഥന, കാർഡ് എന്നിവയ്ക്ക് ഉചിതമായ ചിത്രങ്ങളാണ് വേണ്ടത്. പ്രിന്റ് ചെയ്യുന്നതിനൊപ്പം വാട്‌സ് ആപ്പിലും ഫേസ് ബുക്കിലും ഷെയർ ചെയ്യാനുള്ള ആദ്യഘട്ട ഫോട്ടോ ഷൂട്ട് പലരും പൂർത്തിയാക്കി. സേവ് ദി ഡേറ്റിന് സമാനമായാണ് ജില്ലയിലെ പല സ്റ്റുഡിയോകളിലും ഫോട്ടോഷൂട്ട് നടക്കുന്നത്. ഫോട്ടോയ്ക്കൊപ്പം വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

" സ്ഥാനാ‌ർത്ഥിയുടെ ചിരിക്കുന്ന ഫ്ലക്സ് ഫോട്ടോകളുടെ കാലം കഴിഞ്ഞു. ഒൗട്ട് ഡോ‌ർ ഷൂട്ടിംഗാണ് ഇപ്പോഴത്തെ ട്രെൻഡ്. തീം അനുസരിച്ചാണ് ചാ‌ർജ് ഈടാക്കുന്നത് '- ലെനിൻ റോഷൻ, ഫോട്ടോഗ്രാഫർ