കൽപ്പറ്റ: വയനാട് ജില്ലയിൽ കൊവിഡ് കേസുകൾ കുറവാണെന്ന ധാരണ ശരിയല്ലെന്നും ചെറിയ ജില്ലയായ വയനാട്ടിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കണക്കുകൾ ആശ്വസിക്കാൻ വകയുള്ളതല്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കൂടുതൽ തന്നെ ആണ് ജില്ലയിലും. പലപ്പോഴും അത് സംസ്ഥാന ശരാശരിയ്ക്ക് മുകളിലും ആണ്. കൊവിഡ് കണക്കുകളിൽ വയനാട് ജില്ലയുടെ പേര് അവസാനം കാണുന്നതിനാൽ വയനാട് സുരക്ഷിതമാണ് എന്ന ധാരണയിൽ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. ചുരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി അനുഭവപ്പെടുന്ന വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും ജില്ലയിൽ ഉണ്ടായികൊണ്ടിരിക്കുന്ന വാഹനാപകടങ്ങളും ഇത് ശരി വയ്ക്കുന്നതാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഓൺലൈൻ ബുക്കിങ്ങിലൂടെ നിയന്ത്രിക്കുകയും കൊവിഡ് ചട്ടങ്ങൾ പാലിക്കുന്നു എന്നുറപ്പ് വരുത്തുകയും വേണം .
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയിലും ആദിവാസി ജനസംഖ്യ കൂടുതൽ ഉള്ള ജില്ല എന്ന നിലയിലും ഇവിടെ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ആദ്യഘട്ടത്തിൽ കർശനമായ നടപടികളിലൂടെ രോഗവ്യാപനം നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞ ജില്ലയിൽ പുതിയ സാഹചര്യത്തിൽ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് പരിഷത്ത് ജില്ലാ കമ്മിറ്റി ഓർമ്മിപ്പിച്ചു.
തിരഞ്ഞെടുപ്പിൽ കൊവിഡ് പെരുമാറ്റ ചട്ടം കർശനമായി പാലിക്കാൻ രാഷ്ട്രീയ പ്രവർത്തകരും ഉറപ്പ് വരുത്താൻ അധികൃതരും പ്രവർത്തിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.