കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി റീന സുരേഷ് ഉണ്ട്; വനിതാസംവരണ സ്ഥാനാർത്ഥിയായല്ല, ജനറൽ വാർഡിൽ പുരുഷ കേസരികളോട് പോരാടാൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വനിതാ സംവരണത്തിൽ വിജയിച്ച റീന സുരേഷ് എൽ.ഡി എഫ് ഭരണസമിതിയിൽ
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു. പദവിയിലിരിക്കുമ്പോൾ നാടിന്റെ വികസനത്തിനായി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങളുടെ പിൻബലത്തിലാണ് ഇത്തവണയും അങ്കം കുറിച്ചിരിക്കുന്നത്. പിന്നിട്ട അഞ്ച് വർഷം സമാനതകളില്ലാത്ത വികസന പദ്ധതികൾ പഞ്ചായത്തിലും വാർഡിലും കൊണ്ടുവന്നതിന്റെ ആത്മവിശ്വാസമുണ്ട് റീനയുടെ വോട്ട് തേടലിന്.
മൂന്ന് കോടിയിലേറെ രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് വാർഡിൽ നടന്നത്. സോളിംഗ് ചെയ്ത റോഡ് എല്ലാം ടാർ ചെയ്തു. പഞ്ചായത്ത് പ്ലാൻ ഫണ്ട്, ലോക ബാങ്ക് സഹായം, ഡിസാസ്റ്റർ മാനേജ് മെന്റ് ഫണ്ട് , പൊതുമരാമത്ത് വകുപ്പ് പ്ലാൻ ഫണ്ട്, പൊതുമരാമത്ത് വകുപ്പ് വൺ ടൈം സെറ്റിൽമെന്റ് ഫണ്ട്, എം.എൽ.എ, എം.പി , പ്രാദേശിക വികസന ഫണ്ടുകൾ എന്നിവയെല്ലാം വക മാറാതെ ജനങ്ങളിലെത്തിച്ചതിന്റെ നേട്ടം വോട്ടായി മാറുമെന്നുതന്നെയാണ് റീനയുടെ കണക്കുകൂട്ടൽ. സി.പി.ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി മെമ്പർ, കേരള മഹിളാ സംഘം ജില്ലാ ജോ. സെക്രട്ടറി, കുറ്റ്യാടി മണ്ഡലം സെക്രട്ടറി എന്നീ സഘടന ചുമതലകൾ വഹിക്കുന്ന ഇവർ ഇംഗ്ലീഷ് ഭാഷയിൽ ബിരുദദാരിയാണ് . ഗോപി ദാസ് ആയാടത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ബി.ജെ.പി സ്ഥാനാർത്ഥിയായി രഞ്ജിത്ത് കാരത്തറയാണ് മത്സരരംഗത്തുള്ളത്.