സുൽത്താൻ ബത്തേരി: മൈസൂരിൽ നിന്ന് ഗുഡ്സ് വാഹനത്തിൽ കടത്തികൊണ്ടുവരികയായിരുന്ന 75000 പാക്കറ്റ് നിരോധിത പാൻമസാല വാഹന പരിശോധനയ്ക്കിടെ സുൽത്താൻ ബത്തേരിയിൽ വെച്ച് എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

വാഹനത്തിന്റെ ഡ്രൈവർ മണ്ണാർക്കാട് നായാടികുന്ന് സ്വദേശി അജ്മൽ (25), ബത്തേരി സ്വദേശി കൊണ്ടയങ്ങാടൻ റഷീദ് (27) എന്നിവരാണ് അറസ്റ്റിലായത്.
മൈസൂരിൽ നിന്ന് ദോസ്ത് ഗുഡ്സ് വാഹനത്തിൽ വാഴക്കുലകൾക്കിടയിലായി ഒഴിപ്പിച്ച് കടത്തികൊണ്ടു വരികയായിരുന്നു പാൻ മസാല. വയനാട് എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്‌സൈസ് ഇന്റലിജൻസും ബത്തേരി എക്‌സൈസ് റെയിഞ്ചും ചേർന്നാണ് ഇത് പിടികൂടിയത്.
എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ എം.കെ.സുനിൽ, ബത്തേരി എക്‌സൈസ് ഇൻസ്‌പെക്ടർ ജനാർദ്ദനൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.രമേശ്, പി.എസ്.വിനീഷ്, കെ.ജി.ശശികുമാർ, സി.ഇ.ഒ മാരായ എ.എസ്.അനീഷ്, പി.കെ.മനോജ്, അനിൽകുമാർ, അമൽതോമസ്, ഡ്രൈവർ ബീരാൻ കോയ എന്നിവർ ചേർന്നാണ് പിടികൂടിയത്.

ഫോട്ടോ-- പാൻ
പിടികൂടിയ പാൻമസാലയും പ്രതികളും