സുൽത്താൻ ബത്തേരി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ ഈഴവ വിഭാഗത്തിന് അർഹമായ പരിഗണന നൽകാത്തതിനെതിരെ കോൺഗ്രസിൽ വ്യാപക അമർഷം. ജനസംഖ്യാനുപാതികമായി ഒരു പരിഗണനയും നൽകാതെ ഈഴവ പിന്നാക്ക വിഭാഗങ്ങളെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും സംഘടന ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കിയ നടപടിക്കെതിരെയാണ് കോൺഗ്രസിൽ അമർഷം പുകയുന്നത്.
പരമ്പര്യ കോൺഗ്രസ് പ്രവർത്തകരായ നിരവധി പേരാണ് നേതൃത്വത്തിന്റെയും സ്ഥാനാർത്ഥി നിർണയ കോർ കമ്മറ്റിയുടെയും നടപടിക്കെതിരെ പ്രതിഷേധവുമായി ഇറങ്ങിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ കാര്യമായി ബാധിക്കുമെന്നതിനാലാണ് ഇവർ പരസ്യമായ പ്രതിഷേധവുമായി ഇറങ്ങാതിരിക്കുന്നത്. എങ്കിലും കോൺഗ്രസ് നേതൃത്വം ഈഴവ സമുദായത്തോട് കാണിച്ച അവഗണന സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പിൽ കാര്യമായി പ്രതിഫലിക്കുമെന്നാണ് പറയുന്നത്.
ഇരുളം,മീനങ്ങാടി,ബത്തേരി പാപ്ലശ്ശേരി, നുൽപ്പുഴ,മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലെ പ്രവർത്തകർ പാർട്ടിക്കെതിരെ പ്രതിഷേധമുയർത്തിയിട്ടുണ്ട്. നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഇതിനകം നിരവധി പേർ കോൺഗ്രസ് വിട്ടു. അവഗണനയ്ക്കെതിരെ കൂടുതൽ പേർ പ്രതികരിക്കാൻ തുടങ്ങിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ നടപടിയെടുത്താൽ അത് തിരഞ്ഞടുപ്പിൽ ബാധിക്കുമെന്നതിനാൽ അവർക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ പർട്ടി നേതൃത്വം തയ്യാറായിട്ടില്ല.
നേരത്തെ നിശ്ചയിച്ചിരുന്ന പല സീറ്റുകളിലും ഈഴവ വിഭാഗത്തിൽപ്പെട്ട സ്ഥാനാർത്ഥികളെ മാറ്റി. ഇതിനെതിരെ പ്രതികരിക്കുമെന്ന് കണ്ടതോടെ ജനറൽ സീറ്റ് പോലും ഗോത്രവർഗ്ഗക്കാർക്ക് നൽകി. ഗോത്ര വർഗ്ഗക്കാർ മൽസരിക്കുന്നതിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുകയില്ലെന്നതിനാലാണ് നൂൽപ്പുഴ പഞ്ചായത്തിൽ ഇത്തരത്തിൽ സീറ്റ് മാറ്റം നടന്നത്.
കോളിയാടി,ഇരുളം, ബത്തേരി നഗരസഭയിൽ മന്തണ്ടിക്കുന്ന്,കല്ലൂർ, മാനന്തവാടി, പനമരം, മുള്ളൻകാല്ലി, കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനെതിരെയും എതിർപ്പാണുള്ളത്. അതിനിടെ പാർട്ടിയുടെ ജില്ലാ കമ്മറ്റിക്ക് താഴെയുള്ള ചിലരെ മറ്റ് സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.