election

കൊയിലാണ്ടി: ഒരിടത്ത് നിന്ന് നാല് പെണ്ണുങ്ങൾ മത്സരരംഗത്ത്. നാൽവരും യു.ഡി.എഫ് പ്രതിനിധികൾ. കൊയിലാണ്ടി കോതമംഗലം ഐ.എച്ച്.ഡി.പി. കോളനിയിൽ നിന്നാണ് നാല് പേർ മത്സരിക്കുന്നത്. മൂന്ന് പേർ കൊയിലാണ്ടി നഗരസഭയിലും ഒരാൾ തലശേരി സൈദാർ പള്ളി ഡിവിഷനിലുമാണ് മത്സരിക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ എസ്.സി സ്ത്രീ സംവരണ സീറ്റുകളായ പന്ത്രണ്ടാം ഡിവിഷൻ പുത്തലത്തുകുന്നിൽ നിന്ന് എസ്.കെ.പ്രേമകുമാരിയും മുപ്പത്തിരണ്ടാം ഡിവിഷൻ നടേലക്കണ്ടിയിൽ നിന്ന് കെ.വി.സുനിതയും ജനവിധി തേടുന്നു. എസ്.സി. ജനറൽ വാർഡായ കണിയാംകുന്നിൽ നിന്ന് മുൻ കൗൺസിലർ കൂടിയായ കെ.ടി. സുമയാണ് ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കെ.ടി സുമ കഴിഞ്ഞ കൗൺസിലിൽ എസ്.സി സ്ത്രീ സംവരണ വാർഡായ ഊരാക്കുന്നിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. തലശ്ശേരി നഗരസഭയിലെ സംവരണ വാർഡായ സൈദാർ പള്ളിയിൽ മത്സരിക്കുന്ന ഗീത സൂത്രക്കാട്ടിൽ കൊയിലാണ്ടിയിൽ നിന്ന് മുസ്ലീം ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. വിവാഹത്തെ തുടർന്നാണ് തലശ്ശേരിയിൽ എത്തിയത്. ആകെ മുപ്പത് കുടുംബങ്ങളാണ് ഈ കോളനിയിലുള്ളത്.