കോഴിക്കോട്: ഓരോ വോട്ടും പെട്ടിയിലാക്കാൻ തന്ത്രങ്ങളുമായി സ്ഥാനാർത്ഥികളും മുന്നണികളും നെട്ടോട്ടത്തിലാണ്. എന്നാൽ അപരന്മാരുടെ ശല്യത്തിന് ഇത്തവണയും കുറവൊന്നുമില്ല. കൊടുവള്ളി മുനിസിപ്പാലിറ്റിയിലാണ് അപരന്മാരുടെ വിളയാട്ടം. ആകെയുള്ള 36ൽ 18 ഡിവിഷനുകളിലും മുന്നണി സ്ഥാനാർത്ഥികൾക്ക് ഭീഷണി ഉയർത്തി അപരന്മാരുണ്ട്. മുനിസിപ്പാലിറ്റിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് വരെ അപരനുണ്ട്. ഡിവിഷൻ 2 വാവാട് വെസ്റ്റിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പേര് ഒന്നായതിൽ മുന്നണികളും വോട്ടർമാരും കൺഫ്യൂഷനിലാണ്. ഐ.എൻ.എല്ലിലെ കെ.പി ബഷീറും മുസ്ലിംലീഗിലെ ബഷീർ വി.പിയുമാണ് നേർക്കുനേർ പോരാടുന്നത്. ഡിവിഷൻ 32 ആനപ്പാറയിൽ യു.ഡി.എഫിലെ പരപ്പിൽ ഹംസക്കെതിരെ രണ്ട് അപര സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. ഓടക്കുഴൽ ചിഹ്നത്തിൽ ഒരു ഹംസയും ട്രംപറ്റ് ചിഹ്നത്തിൽ ഹംസ കെ കെയുമാണ് അപരന്മാൻ. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി നാസർകോയ തങ്ങൾക്ക് ആന്റിന ചിഹ്നത്തിൽ അബ്ദുൽ നാസർ അപരനായി മത്സരിക്കുന്നു.
കരുവൻപൊയിൽ ഈസ്റ്റിലെ സ്വതന്ത്റ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് കെ.കെയ്ക്ക് എതിരായി രണ്ട് സിദ്ദീഖുമാർ രംഗത്തുണ്ട്. ആപ്പിൾ ചിഹ്നത്തിൽ മത്സരിക്കുന്ന ഇദ്ദേഹത്തിനതിരെ മുന്തിരിക്കുല ചിഹ്നത്തിൽ അബൂബക്കർ സിദ്ദീഖും കണ്ണട അടയാളത്തിൽ പൊൻപാറക്കൽ സിദ്ദീഖുമാണ് രംഗത്തുള്ളത്. എൽ.ഡി.എഫിലെ വായോളി മുഹമ്മദ് മാസ്റ്ററും യു.ഡി.എഫിലെ ടി.കെ.പി. അബൂബക്കറുമാണ് ഇവിടെത്തെ പ്രധാന സ്ഥാനാർത്ഥികൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തി വിമതൻ വിജയിച്ച ഡിവിഷനാണ് കരുവൻപൊയിൽ ഈസ്റ്റ്. ഇത്തവണയും കോൺഗ്രസിന് വിമത സ്ഥാനാർത്ഥിയുണ്ട്. ചുണ്ടപുറം ഡിവിഷനിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഫൈസൽ കാരാട്ടിനും അപരനുണ്ട്. മൊബൈൽ ഫോൺ ചിഹ്നത്തിൽ മത്സരിക്കുന്ന ഫൈസലിന് ആപ്പിൾ ചിഹ്നത്തിൽ മറ്റൊരു ഫൈസലുണ്ട്.