കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിലെ മണ്ണിയൂർത്താഴ രയരോത്ത് താഴകുനി കല്യാണിയ്ക്കും മകൾ ജാനകിയ്ക്കും സി.പി.എം വീട് നിർമ്മിച്ചു നൽകി. വിധവയും നിത്യരോഗിയുമായ കല്യാണിയും (85) രോഗിയായ മകൾ ജാനകിയും(45) തനിച്ചാണ് താമസം. സുരക്ഷിതമല്ലാത്ത വീട്ടിൽ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കഴിയുകയായിരുന്നു ഇരുവരും. വൃദ്ധയായ കല്യാണി സമീപത്തെ വീടുകളിൽ പണിയെടുത്ത കിട്ടുന്ന തുച്ഛമായ വരുമാനവും സർക്കാരിന്റെ ക്ഷേമപെൻഷനും കൊണ്ടായിരുന്നു മകളെ പോറ്റിയിരുന്നത് . ദുരിതം കണ്ടറിഞ്ഞ സി.പി. എം പ്രവർത്തകർ അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. വീടിന്റെ താക്കോൽ സി.പി.എം സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം കെ.കെ.ലതിക കൈമാറി. വി കെ ബീന അദ്ധ്യക്ഷത വഹിച്ചു. പി.കെ.മനോജ്, പി.അശോകൻ, ടി.സുധീർ, എ.ബിജു, കെ.നാസർ, സജിന എന്നിവർ പ്രസംഗിച്ചു.