pn-ajitha
ചേവായൂർ ഡോ.പി.എൻ. അജിത ( യു.ഡി.എഫ്)

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലേക്ക് മേയർ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഡിവിഷനുകളിൽ മൂന്ന് മുന്നണികളും കടുത്ത പോരാട്ടത്തിൽ. സിറ്റിംഗ് സീറ്റുകളിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ മേയർ സ്ഥാനാർത്ഥിളെ മത്സരിപ്പിക്കുന്നത്.

എൽ.ഡി.എഫ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഡോ.എസ്. ജയശ്രീ കോട്ടൂളിയിലും ഡോ. ബീന ഫിലിപ്പ് പൊറ്രമ്മലിലുമാണ് മത്സരിക്കുന്നത്. യു.ഡി.എഫ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പി. ഉഷാദേവിയും ചാലപ്പുറത്തും ഡോ. പി.എൻ. അജിത ചേവായൂരിലും ജനവിധി തേടുന്നു. കാരപ്പറമ്പിലെ സിറ്റിംഗ് കൗൺസിലർ കൂടിയായ ബി.ജെ.പി സ്ഥാനാർത്ഥി നവ്യ ഹരിദാസ് ജനറൽ സീറ്റിൽ ജയിച്ച് മേയറാകാനുള്ള മത്സരത്തിലാണ്.

 കോട്ടൂളി

എൽ.ഡി.എഫ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന സി.പി.എമ്മിലെ ഡോ. എസ്. ജയശ്രീ മത്സരിക്കുന്ന കോട്ടൂളി ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ്. യു.ഡി.എഫിനായി കോൺഗ്രസിലെ കെ. കാർത്ത്യായനി പട്ടാടത്താണ് മത്സര രംഗത്തുള്ളത്. എൻ.ഡി.എയ്ക്കായി ബി.ജെ.പി സ്ഥാനാർത്ഥി മോനിത ശ്രീജിത്ത് ജനവിധി തേടുന്നു. കാർത്ത്യായനി എന്ന അപരയും മത്സരരംഗത്തുണ്ട്. സി.പി.എമ്മിലെ കെ.ടി. സുഷാജ് 1011 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി ആയിരത്തിലധികം വോട്ട് നേടിയ ഡിവിഷനിൽ ത്രികോണ മത്സരത്തിനാണ് കളം ഒരുങ്ങിയത്.

2015ലെ വോട്ട് നില

കെ.ടി. സുഷാജ് (സി.പി.എം) - 2206

പി.ടി രാജേഷ് ( കോൺഗ്രസ് ) - 1195

എൻ.വി. രവീന്ദ്രൻ ( ബി.ജെ.പി) - 1002

ഭൂരിപക്ഷം - 1011

 പൊറ്റമ്മൽ

ഡോ. ബീന ഫിലിപ്പ് മത്സരിക്കുന്ന പൊറ്റമ്മൽ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്രാണ്. വിഭാഗീയ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും സി.പി.എം തുടർച്ചയായി വിജയിക്കുന്ന ഡിവിഷനിൽ സി.പി.എമ്മിൽ നിന്ന് വിട്ടുപോയ വിഭാഗത്തിന്റെ കൂടി താത്പര്യം മുൻനിറുത്തി ലിജിന സഞ്ജീവനെ സ്വതന്ത്ര സ്ഥാനാർത്ഥിയെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത്. സുജിത സുധീഷാണ് ബി.ജെ.പി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 633 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിലെ എം.പി. രാധാകൃഷ്ണൻ വിജയിച്ചത്.

എം.പി. രാധാകൃഷ്ണൻ ( സി.പി.എം) - 1934

കെ.വി. സുബ്രഹ്മണ്യൻ ( കോൺഗ്രസ് )- 1301

ബി.കെ. പ്രേമൻ (ബി.ജെ.പി) -695

ഭൂരിപക്ഷം - 633

 ചാലപ്പുറം

മഹിളാ കോൺഗ്രസ് ജില്ല അദ്ധ്യക്ഷയും സിറ്രിംഗ് കൗൺസലറുമായ യു.ഡി.എഫിന്റെ പി. ഉഷാദേവിയെയാണ് യു.ഡി.എഫ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ ജെ.ഡി.എസിലെ എ.സി. റസിയാബി സഹീർ എൽ.ഡി.എഫിന് വേണ്ടിയും ബി.ജെ.പിയിലെ അഡ്വ.എ.കെ സുപ്രിയ എൻ.ഡി.എയ്ക്ക് വേണ്ടിയും പോരാട്ടത്തിനിറങ്ങുന്നു. കോൺഗ്രസിലെ പി.എം. നിയാസ് 401 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ചാലപ്പുറത്ത് തിരഞ്ഞെടുക്കപ്പെട്ടത്. വെൽഫെയർ പാർട്ടി 120 വോട്ട് നേടിയിരുന്നു.

പി.എം. നിയാസ് ( കോൺഗ്രസ് ) -2031

പടിയേരി ഗോപാലകൃഷ്ണൻ ( എൽ.ഡി.എഫ് സ്വത) -1630

സി.പി. വിജയകൃഷ്ണൻ (ബി.ജെ.പി )- 843

ഭൂരിപക്ഷം - 401

 ചേവായൂർ

കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ചേവായൂരിൽ ഇത്തവണ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഡോ. പി.എൻ. അജിത കടുത്തമത്സരമാണ് നേരിടുന്നത്. സിറ്രിംഗ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി അദ്ധ്യക്ഷയുമായ എൻ.സി.പിയിലെ അനിതാരാജനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. രേഖ ഷാജിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. കോൺഗ്രസിന് ഭീഷണിയായി വിമത സ്ഥാനാർത്ഥി പുഷ്പ മത്സര രംഗത്തുണ്ട്.

കഴിഞ്ഞ തവണ കോൺഗ്രസിലെ വിദ്യാബാലകൃഷ്ണൻ 354 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്.

വിദ്യബാലകൃഷ്ണൻ ( കോൺഗ്രസ്) - 1321

ബേബി വാസൻ ( എൻ.സി.പി) -967

പി.എൻ. നാരായണൻ ( ബി.ജെ.പി) - 438

ഭൂരിപക്ഷം - 354

 കാരപ്പറമ്പ്

ജനറൽ സീറ്റിൽ മത്സരിക്കുന്ന മേയർ സ്ഥാനാർത്ഥിയാണ് ബി.ജെ.പിയുടെ നവ്യ ഹരിദാസ്. കാരപ്പറമ്പിലെ സിറ്റിംഗ് കൗൺസിലറാണ്.ശക്തമായ ത്രികോണ മത്സരത്തിൽ 120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നവ്യഹരിദാസ് കാരപ്പറമ്പിൽ കഴിഞ്ഞ തവണ വിജയിച്ചത്. എൽ.ജെ.ഡിയിലെ അരങ്ങിൽ ഉമേഷ് കുമാറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ ശ്രീരാജ് പൂളക്കലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.

നവ്യഹരിദാസ് ( ബി.ജെ.പി) - 1345

സിന്ധുസതീഷ് ( കോൺഗ്രസ്) - 1225

പി.എം. ശോഭ (സി.പി.എം) - 1160

ഭൂരിപക്ഷം - 120