midjun
മിഥുൻ ചന്ദ് തന്റെ ഇൻക്യൂബേറ്ററിന്റെയും താൻ വിരിയിച്ച കോഴി കുഞ്ഞുങ്ങൾക്കുമൊപ്പം.

നാദാപുരം: ഓൺലെെൻ ക്സാസ് വെറും പഠനത്തിന്റേത് മാത്രമല്ല കണ്ടു പിടുത്തങ്ങളുടേതും കൂടിയാണെന്നാണ് സ്വന്തമായി ഇൻക്യൂബേറ്റർ നിർമ്മിച്ച് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്ത ഈ ഏഴാം ക്ലാസ്സുകാരൻ പറയുന്നത്.

ഓൺലൈൻ ക്ലാസ് പഠനത്തിനിടയിലാണ് മുതുവടത്തൂർ മാപ്പിള യു.പി.സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ചന്ദ് കൃത്രിമമായി മുട്ട വിരിയിക്കാം എന്ന ആശയത്തക്കുറിച്ച് അറിയുന്നത്. ഇതോടെ അദ്ധ്യാപകരോട് ചോദിച്ചും യൂട്യൂബ് ചാനലിൽ തിരഞ്ഞും മിഥുൻ പരീക്ഷണത്തിന് മുതിർന്നു.

ആവശ്യമുള്ള വസ്തുക്കൾ വീട്ടിൽ നിന്നും കടകളിൽ നിന്നും ശേഖരിച്ചു. ഒരു കാർഡ് ബോർഡ് പെട്ടി, തെർമോകോൾ, ഇലക്ട്രിക്ക് ബൾബ്, വയർ, സി.പി.യു. ഫാൻ, തെർമോമീറ്റർ എന്നിവയുപയോഗിച്ചാണ് ഇൻക്യുബേറ്ററർ തയ്യാറാക്കിയത്.

കാർഡ് ബോർഡ് പെട്ടിയിൽ താപം നിലനിറുത്തിയും ഈർപ്പം ക്രമീകരിച്ചുമാണ് മുട്ടകൾ വിരിയിച്ചെടുത്തത്. ഓരോ ദിവസവും രണ്ട് തവണ മുട്ടയുടെ വശങ്ങൾ മാറ്റി വെച്ചു. ഇരുപത്തി ഒന്ന് ദിവസമായപ്പോൾ ആദ്യത്തെ സെറ്റ് മുട്ടകൾ വിരിയിച്ചെടുത്തു. ഇങ്ങനെ പതിനൊന്ന് കോഴിമുട്ടകളാണ് മിഥുൻ വിരിയിച്ചെടുത്തത്. പഠനത്തിനൊപ്പം ഫുട്‌ബോളിലും സ്‌പോർട്സിസിലും മികവ് പുലർത്തുന്ന ഈ മിടുക്കൻ പുറമേരി കുനിങ്ങാട് കാറോറത്ത് താഴചന്ദ്രന്റെയും റീനയുടെയും മകനാണ്. റിഥുൻചന്ദ് സഹോദരനാണ്.