വടകര: കാറിൽ കടത്തുകയായിരുന്ന വൻ മയക്കുമരുന്ന് ശേഖരം എക്സൈസ് സംഘം പിടികൂടി.

1400 മില്ലിഗ്രാം എം.ഡി.എം.എയും കഞ്ചാവുമായാണ് ഓർക്കാട്ടേരി ചെട്ടിന്റെ വിട താഴെ കുനിയിൽ ഉനൈസ് പിടിയിലായത്. ടി എസ് 07 ഒഇ 6062 രജിസ്‌ട്രേഷനുള്ള കാറും എകസൈസ് സംഘം പിടിച്ചെടുത്തു. മില്ലിഗ്രാമിന് 300രൂപ വില വരുന്നതാണ് എം.ഡി.എം.എ മയക്കുമരുന്ന്. വിദേശത്തായിരുന്ന ഉനൈസ് കൊവിഡിനെ തുടർന്ന് നാട്ടിലെത്തിയതു മുതൽ മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് സംഘത്തോട് സമ്മതിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.കെ. സബീറലി, പ്രമോദ് പുളിക്കൂൽ, സി രാമകൃഷ്ണൻ, സി.ഇ.ഒമാരായ രാകേഷ് ബാബു, എ.പി ഷാജിൻ, ലിനീഷ്, ശ്രീരഞ്ജ്, മുസ്ബിൻ, സീമ, ബബിൻ എന്നിവർ പങ്കെടുത്തു. ബംഗളൂരുവിൽ നിന്നാണ് കേരളത്തിലേക്ക് എം.ഡി.എം.എ കൂടുതലായും എത്തുന്നത്. ഒരാഴ്ച മുമ്പ് നാദാപുരത്ത് ഇതേ ലഹരി വസ്തു എക്സൈസ് സംഘം പിടികൂടിയിരുന്നു.