കോട്ടയം: കൊക്കോ കൃഷിയെ കർഷകർ തഴഞ്ഞു. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് കർഷകർ കൊക്കോയെ തഴഞ്ഞത്. കൊക്കോകായ് എടുക്കാനും ആളില്ലാതായി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കൊക്കോകൃഷി വ്യാപകമായിട്ടുണ്ടായിരുന്നത്. കൊക്കോകായ്ക്ക് വിലയില്ലാതായതും രോഗബാധയുമാണ് കൃഷിയിൽ നിന്നും പിന്തിരിയുവാൻ കർഷകരെ പ്രേരിപ്പിച്ചത്. കൂടാതെ കാലാവസ്ഥ വ്യതിയാനവും കൃഷിയിൽ നിന്നും പിന്തിരിയാൻ കാരണമായി.
കഴിഞ്ഞ വർഷത്തേക്കാൾ ഉത്പാദനം നാൽപത് ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ കൊക്കോ കൃഷി ഉള്ളത് ഇടുക്കി ജില്ലയിലാണ്. 7550 ഹെക്ടർ സ്ഥലത്താണ് അവിടെ കൊക്കോ കൃഷിയുളളത്. വർഷത്തിൽ 7 മുതൽ 9 മാസംവരെ തുടർച്ചയായി വിളവ് ലഭിക്കുന്ന കൃഷിയാണ് കൊക്കോ. ഏപ്രിൽ മുതൽ സെപ്തംബർ വെരെ കാലയളവിലാണ് കൂടുതൽ വിളവ് ലഭിക്കുന്നത്.എന്നാൽ കൃത്യമായ തോതിൽ മഴ ലഭിക്കാത്തതും രോഗം പടരുന്നതുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. ഒരുമരത്തിൽ സാധാരണയായി 100 മുതൽ 200 വരെ കായ ലഭിക്കും. ഇത്തവണ അതൊക്കെ തെറ്റി. സാധാരണ ഈ സമയത്ത് ഉത്പാദനം ഏറ്റവും ഉയർന്ന് നിൽക്കേണ്ടതായിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം വർഷത്തിൽ 20 മുതൽ 25 ശതമാനംവരെ വിളവ് നഷ്ടമാകാറുണ്ടെങ്കിലും ഈ വർഷം കാലാവസ്ഥ ചതിക്കുകയായിരുന്നുവെന്നും കർഷകർ പറയുന്നു.
പൊതുമേഖല സ്ഥാപനമായ കാംകോ, കാഡ്ബറീസ് കമ്പനികളാണ് പ്രധാനമായി കൊക്കോ സംഭരിക്കുന്നത്. രാജ്യന്തര വിപണിയിലും ഇടുക്കിലെ കൊക്കോക്കുരുവിന് ഡിമാഡ് ഉണ്ട്. ജൈവ കൃഷിരീതിയാണ് ഇവിടെ അവലംബിച്ചിരുന്നത്. ഇതിനാലാണ് ഡിമാൻഡ്. മറ്റ് കൃഷിക്കൊപ്പം ഇടവിളയായിട്ടാണ് കൊക്കോ കൃഷി ചെയ്യുന്നത്.
രോഗവും വിലയിടിവും
ഫൈത്തോഫ് തോറ എന്ന ഫംഗസാണ് കൊക്കോയെ ബാധിച്ചത്. ഇതിനുപുറമെ ടീമോസ്കിറ്റോകളും നാശംവിതയ്ക്കുന്നു. തുരിശും ചുണ്ണാമ്പും ചേർത്ത ബോർഡോ മിശ്രിതവും കുലാൻഫോസുമാണ് ഇതിന്റെ പ്രതിരോധമരുന്ന്. കഴിഞ്ഞ സീസണിൽ കിലോക്ക് 70 രൂപയുണ്ടായിരുന്ന പച്ചകൊക്കോയ്ക്ക് ഈ സീസണിൽ കിട്ടുന്നത് 35 രൂപ മാത്രമാണ്. ഉണക്കബീനിന് 160 രൂപയിൽ നിന്ന് 130 ലേക്ക് താഴ്ന്നു.