വൈറ്റ് സിമന്റിനു പുറമേ ഇനി ഗ്രേസിമന്റ് യൂണിറ്റും കോൺക്രീറ്റ് പോസ്റ്റ് നിർമാണവും
കോട്ടയം: ഉത്പാദനമില്ലായ്മയും ശമ്പള കുടിശികയുമായി പൂട്ടൽ ഭീഷണിയിലായിരുന്ന നാട്ടകം ട്രാവൻകൂർ സിമന്റ്‌സ് ലാഭത്തിലേക്ക് പിടിച്ചു കയറുന്നു.
വൈറ്റ് സിമന്റിനു പുറമേ ഗ്രേ സിമന്റ് ഉത്പാദന യൂണിറ്റിന്റെയും കോൺക്രീറ്റ് വൈദ്യുതി പോസ്റ്റ് നിർമ്മാണ യൂണിറ്റിന്റെയും പ്രവർത്തനങ്ങൾക്ക് തുടക്കമായി. വർഷം ഒരു ലക്ഷം വൈദ്യുതി തൂണുകൾ കെ.എസ്.ഇ.ബിയ്ക്കു നൽകും.
28 കോടിയുടെ പദ്ധതി
ദിവസം 300 മെട്രിക് ടൺ ഗ്രേസിമന്റ് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇപ്പോൾ 800 ടൺ വൈറ്റ് സിമന്റാണ് ഉത്പാദനം. വാൾ പുട്ടിയും നിർമ്മിക്കുന്നുണ്ട്.
വെറുതേകിടക്കുന്ന മൂന്നു മില്ലുകളിൽ ഒരെണ്ണത്തിലാണ് കെട്ടിടനിർമ്മാണത്തിനുള്ള ഗ്രേ സിമന്റ് ഉത്പാദിപ്പിക്കുക. പിന്നാലെ മറ്റ് രണ്ട് യൂണിറ്റുകളും റെഡിയാക്കും. 800 മെട്രിക് ടൺ സിമന്റിനായി 28 കോടിയുടെ പ്രൊജക്ടാണ്. ടെണ്ടർ നടപടി ആരംഭിച്ചു.
പോസ്റ്റുകൾ നിർമ്മിക്കാനുള്ള യാർഡ് റെഡിയായിട്ടുണ്ട്.
വനിതാ സംഘങ്ങൾ ഇനി വാൾപുട്ടി നിർമിക്കും
വനിതാ സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെ പത്തു ജില്ലകളിൽ വാൾ പുട്ടി നിർമാണ യൂണിറ്റുകൾ തുടങ്ങാൻ വ്യവസായ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ബി .അനിൽ കുമാർ
ചീഫ് മാനേജർ ഓപ്പറേഷൻസ് .
പഴയ കാല പ്രൗഢി കൊതിച്ച് ട്രാവൻകൂർ സിമന്റ്സ്
വെള്ള സിമന്റ് ഉദ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി 1946 ലാണ് നിലവിൽ വന്നത്. ഗ്രേ സിമന്റ് പ്ലാന്റാണ് ആദ്യം ആരംഭിച്ചത്. 1974 ൽ ഗ്രേ സിമന്റ് ഉത്പാദനം നിർത്തലാക്കി വെള്ള സിമന്റ് ഉത്പാദനം മാത്രമാക്കി.
2000 വരെ ലാഭത്തിലായിരുന്ന സ്ഥാപനം ഫർണസ് ഓയിലിന്റെ വിലയും വൈദ്യുതി നിരക്ക് വർദ്ധിച്ചതും, വൻകിട കമ്പനികളുടെ വിപണി പ്രവേശനവുമായതോടെ നഷ്ടത്തിലായി. 2014 മുതൽ വേമ്പനാട്ടുകായലിൽ നിന്നുള്ള കക്കഖനനം പൂർണമായും നിർത്തലാക്കിയത് കമ്പനി പ്രവർത്തനത്തെ ബാധിച്ചു. വൈറ്റ് സിമന്റ് ഉത്പാദനത്തിനുള്ള വെള്ള ക്ലിങ്കർ ഇറക്കുമതി ചെയ്യുന്നത് നഷ്ടത്തിലേക്ക് വഴിതെളിച്ചു. എൽ.ഡി.എഫ് സർക്കാർ പ്രവർത്തന മൂലധനം നൽകിയാണ് അടച്ചു പൂട്ടൽ ഒഴിവാക്കിയത്.