abin

കോട്ടയം: എം.സി.എക്കാരൻ എബിന് പണം കായ്ക്കുന്ന ചെടികളാണ് കാന്താരിത്തൈകൾ ! രണ്ട് മാസം കൊണ്ട് 30,​000 കാന്താരിത്തൈകൾ വിറ്റ് എബിൻ എന്ന ഇരുപത്തിനാലുകാരൻ നേടിയത് ഒന്നരലക്ഷത്തോളം രൂപ. ഒരു ലക്ഷത്തോളം തൈകളുടെ ഓർഡർ ഇപ്പോഴുണ്ട്. ഒന്നിന് വില അഞ്ച് രൂപ.
പമ്പാവാലി കൊല്ലമലിൽ എബിൻ കെ.തോമസിന് പ്രചോദനമായത് കേരളകൗമുദി. ആ കഥ ഇങ്ങനെ. കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനിയിൽ ജോലി ചെയ്യവേ ജർമ്മനിയിൽ നിന്ന് ജോലി ഓഫർ വന്നു. പോകാൻ തുടങ്ങുമ്പോഴാണ് കൊവിഡ് വന്നത്. ലോക്ക് ഡൗണിൽ വീട്ടിലായി. ആ സമയത്താണ് കോട്ടയത്തെ കണമല സർവീസ് സഹ.ബാങ്കിൽ കാന്താരികൃഷി പദ്ധതി തുടങ്ങിയത്. കിലോയ്ക്ക് 250 രൂപ തറവിലയിൽ ബാങ്ക് കാന്താരി മുളക് വാങ്ങിയപ്പോൾ കൃഷിക്ക് ഒട്ടേറെപ്പേർ സന്നദ്ധരായി. ഇക്കാര്യം ജൂൺ 24ന് കേരളകൗമുദിയുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. അതു വായിച്ചപ്പോൾ എന്തുകൊണ്ട് കാന്താരിത്തൈകൾ വളർത്തി വില്പന നടത്തിക്കൂടാ എന്ന ആശയം ഉദിച്ചു. കണമല സഹ.ബാങ്കിൽ അംഗമായതിനാൽ അവരുമായി ബന്ധപ്പെട്ടപ്പോൾ പ്രോത്സാഹിപ്പിച്ചു.കേരളകൗമുദി വാർത്ത കണ്ട് വിവിധ ജില്ലകളിൽ നിന്ന് തൈകൾ അന്വേഷിച്ച് ബാങ്കിലേക്ക് നിരന്തരം വിളിയെത്തുമായിരുന്നു.ഇതോടെ ഓർഡറുകൾ കൂടി.അച്ഛൻ തോമസും അമ്മ ജെസിയും സഹോദരി എയ്ഞ്ചലും ബന്ധു മോളിയുമൊക്കെ ഒപ്പം കൂടി.വീട്ടിൽ തൈകൾ പാകി കിളിർപ്പിച്ച് ചെറിയ കവറുകളിലാക്കി വിൽക്കാൻ തുടങ്ങി.

വെഞ്ഞാറമൂട് മുതൽ കണ്ണൂർവരെയുള്ള പല സ്ഥലങ്ങളിൽ നിന്നും ഓർഡറുകളെത്തി. ആവശ്യത്തിനനുസരിച്ച് നൽകാനില്ലാത്തതിനാൽ പ്രതിമാസം നിശ്ചിതയെണ്ണം വച്ച് നൽകുകയാണ്.

കാന്താരി പാകൽ

പഴുത്ത കാന്താരിയിൽ നിന്ന് അരി വേർതിരിച്ച് നന്നായി കഴുകും. ഡിഷിൽ നനച്ച മണ്ണിൽ ചാണകപ്പൊടിയും ചേർത്ത് വിത്തിട്ടാൽ 10 ദിവസത്തിനുള്ളിൽ മുളപൊന്തും. അഞ്ച് ദിവസത്തിനുള്ളിൽ മണ്ണും ചാണകപ്പൊടിയും നിറച്ച കൂടയിലേക്ക് പറിച്ചുനടാം. 35 ദിവസത്തോളം പരിപാലിച്ചശേഷം വിൽക്കും. സ്വന്തം പറമ്പിൽ കൃഷി ചെയ്യുന്ന കാന്താരിയിൽ നിന്നാണ് വിത്തെടുക്കുന്നത്.

പ്രതിസന്ധികളെ അവസരമാക്കിയാൽ നമുക്ക് ജീവിക്കാൻ ഒരു പ്രയാസവുമില്ല. കേരളകൗമുദി വാർത്ത കണ്ടാണ് ഇത്രയും ഓർഡറുകൾ ഒരുമിച്ച് ലഭിച്ചത്.കൊവിഡിന്റെ ദുരിതം മാറിയാൽ തൈവളർത്തൽ വീട്ടുകാരെ ഏൽപ്പിച്ച് ജർമനിക്ക് പോകും''

-എബിൻ കെ. തോമസ്