ചങ്ങനാശേരി: ഗ്രാമീണ ടൂറിസത്തിന്റെ ഭാഗമായി കൊക്കോട്ടുചിറകുളത്തിൽ പെഡൽ ബോട്ട് സംവിധാനമൊരുങ്ങി. തൃക്കൊടിത്താനം പഞ്ചായത്തിന്റെ കൊക്കോട്ട് ചിറകുളത്തിനോട് ചേർന്ന് മഴവിൽ പാർക്കും തണൽ വിശ്രമകേന്ദ്രവും ഇൻഡോർ സ്റ്റേഡിയവും നടപ്പാത റോഡും കൂടാതെയാണ് ബോട്ടിംഗും ഒരുക്കിയത്. തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു പെഡൽ ബോട്ടുകൾ ഉദ്ഘാടനം ചെയ്തു.
നിലവിൽ നാലും ആറും പേർക്ക് യാത്ര ചെയ്യാവുന്ന വിധത്തിൽ രണ്ട് തരം പെഡൽ ബോട്ടുകളാണ് കുളത്തിൽ ഇറക്കിയത്. സുരക്ഷയ്ക്കായി സെക്യൂരിറ്റിയുടെ സേവനവും ജാക്കറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. താല്ക്കാലിക സംവിധാനമായി ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ബോട്ടിംഗ് സൗജന്യമാണ്. പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ മുടക്കിയാണ് ബോട്ടുകൾ ഇറക്കിയത്. കുളത്തിൽ ബോട്ട് ഇറങ്ങിയതോടെ പുലർച്ചെയും വൈകുന്നേരവും കുളത്തിനു ചുറ്റും കാൽനടയായി സഞ്ചരിക്കാൻ എത്തിയവർ കുടുംബസമേതമാണ് കുളക്കടവിൽ എത്തിയത്. ബോട്ട് ഇറങ്ങിയതോടെ കുട്ടികളും കുടുംബവും അടക്കം ബോട്ടിൽ സഞ്ചരിക്കാൻ നിരയായി നില്ക്കുന്നത് നാടിനു കൗതുക കാഴ്ച്ചയായി. കൊവിഡ് പ്രോട്ടോക്കോൾ നിലനില്ക്കുന്നതിനാൽ നിലവിൽ നാല്‌പേരെ വീതമാണ് ബോട്ടിൽ കയറ്റുന്നത്. വരും ദിവസങ്ങളിൽ ഫയർ ഫോഴ്‌സിന്റെ അനുവാദത്തോടെ കൂടുതൽ ബോട്ടുകൾ ഇറക്കി തൃക്കൊടിത്താനം കൊക്കോട്ടുചിറ കുളത്തെ ജില്ലയിലെ തന്നെ പ്രധാനം ടൂറിസ്റ്റ് കേന്ദ്രമാക്കിമാറ്റാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. ഇതൊടൊപ്പം കുടുംബശ്രീയുടെ നേതൃത്വത്തിൽ കുളത്തിനു സമീപത്ത് ഒരു കുടക്കീഴിൽ ഒരു പലഹാരം എന്ന നിലയിൽ തട്ടുകടകളും ക്രമീകരിക്കും. മണിമുറി പാടശേഖരത്തിലേക്ക് ജലസേചനത്തിനും പഞ്ചായത്തിലെ കുടിവെള്ള ആവശ്യത്തിന് ജലസ്രോതസായും കുളത്തിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. കുളത്തിൽ ധാരാളം പായലുകൾ ഉള്ളതിനാൽ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യകൃഷിയുമുണ്ട്. കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ ദൈനം ദിനം കുളം വൃത്തിയാക്കുന്നുണ്ട്. പായലുകൾ വളമായും ഉപയോഗിക്കുന്നു.
കുളത്തിന്റെ നാലു വശങ്ങളും ഇന്റെർലോക്ക് തറയോടുകൾ പാകിയിട്ടുണ്ട്. അതിനാൽ, പുലർച്ചെയും സായാഹ്നങ്ങളിലും ധാരാളം ആളുകൾ വ്യായാമത്തിനായി ഇവിടെ എത്തിച്ചരുന്നുണ്ട്. 2009-2010 ൽ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി മുൻ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന എൻ.കെ. രാമചന്ദ്രൻ ആണ് കൊക്കോട്ടുചിറകുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കൊവിഡ് മഹാമാരി ശമിക്കുന്നതിന് അനുസരിച്ച് പൂർണ്ണമായും പാർക്കും ബോട്ടിംഗും തുറന്നുകൊടുക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി റോയി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോണി ഫിലിപ്പ്, സുവർണ്ണകുമാരി, വാർഡ് മെമ്പർ എം.കെ രാജു, പഞ്ചായത്ത് സെക്രട്ടറി മുരളീധരൻ നായർ, അസിസ്റ്റന്റ് സെക്രട്ടറി ബിൻസി ചെറിയാൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ പി.എസ് സാനില, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത സുരേഷ് എന്നിവർ പങ്കെടുത്തു.