കോട്ടയം നിയോജകമണ്ഡലത്തിൽ താൻ കൊണ്ടു വന്ന പതിനാറ് വികസന പദ്ധതികൾ ഇടതു മുന്നണി അട്ടിമറിച്ചെന്നാരോപിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുനക്കര മൈതാനിയിൽ ഒരു രാവും പകലും ഉപവാസസമരം നടത്തി . തിരുവഞ്ചൂർ കാരണം കോട്ടയത്ത് വികസന മുരടിപ്പാണെന്നാരോപിച്ച് സി.പി.എം നടത്തിയ ധർണയുടെ പിറകേയായിരുന്നു ഈ ബദൽപരിപാടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടകനായും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമാപന സമ്മേളന ഉദ്ഘാടകനായുമുള്ള പരിപാടി നേതാക്കളുടെ പ്രസംഗത്തിനു പുറമേ ഗാനമേളകൂടി ചേർന്നതോടെ അടിച്ചു പൊളിച്ചു.
വികസനത്തിൽ ആരാണെങ്കിലും രാഷ്ട്രീയം കലർത്തുന്നതിനോട് യോജിപ്പില്ല. കെ.എസ്.ആർ.സി ബസ് ടെർമിനൽ, കോടിമത രണ്ടാം പാലം, ചിങ്ങവനം സ്പോർട്സ് അക്കാഡമി, ആകാശ പാത, മീനച്ചിലാർ റഗുലേറ്റർ കം ബ്രിഡ്ജ്, കച്ചേരിക്കടവ് ടൂറിസം പദ്ധതി തുടങ്ങി പതിനാറ് പദ്ധതികൾ പാതിവഴിയിൽ നിലച്ചത് സി.പി.എം നേതാക്കൾ ടോർപ്പിഡോ വച്ചതു കൊണ്ടാണെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. അതേ സമയം തിരുവഞ്ചൂരിന്റെ കഴിവില്ലായ്മ കൊണ്ട് വിവിധ പദ്ധതികൾ മുടങ്ങിയതിന് തങ്ങളെ വികസന വിരോധികളായി ചിത്രീകരിക്കുകയാണെന്നാണ് സി.പി.എം നേതാക്കളുടെ മറുപടി. ശീമാട്ടി റൗണ്ടാനയിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനു സഹായമായി നിർമിച്ച ആകാശപാതയുടെ നിർമാണം പാതി വഴിയിൽ നിലച്ചിട്ട് വർഷങ്ങളായി .നോക്കു കുത്തി പോലെ നിൽക്കുന്ന ആകാശപാത പൊളിച്ചു കളയണമെന്നാവശ്യപ്പെട്ട് അവിടെ വാഴ നട്ടും പച്ചക്കറി വള്ളികൾ പടർത്തിയും ഊഞ്ഞാൽ കെട്ടിയും പരിഹസിച്ചുള്ള നിരവധി സമരങ്ങൾ നടത്തിയിരുന്നു. ആകാശ പാതയെ നോക്കു കുത്തിയാക്കിയത് സി.പി.എം നേതാക്കളുടെ ഇടപെടലാണെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ തിരുവഞ്ചൂരിന്റെ വികസന മുരടിപ്പ് പ്രചാരണായുധമാക്കാൻ സി.പി.എം കളിക്കുമ്പോൾ അതിലും വലിയ കാർഡിറക്കി വികസന വിരോധം വോട്ടാക്കി മാറ്റാനാണ് തിരുവഞ്ചൂരിന്റെ മറു കളി. രണ്ടു കൂട്ടരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഇതിലും വലിയ കളികൾ നടത്തുമെന്ന് ഉറപ്പാണ്.
നാട്ടുകാരാകട്ടെ വർഷങ്ങളായി അരങ്ങേറുന്ന ഈ സമരമുറകൾ കണ്ട് മടുത്തു. പാലായിൽ കെ.എം.മാണി തുടങ്ങി വച്ച പല പദ്ധതികളും മാണിയുടെ മരണ ശേഷം മാണി സി. കാപ്പൻ പൂർത്തിയാക്കി കൈയടി നേടി. അവിടെ വികസന കാര്യത്തിൽ കൊടിയുടെ നിറം നോക്കാതെയുള്ള രാഷ്ട്രീയ യോജിപ്പാണുള്ളത് . ഇന്ത്യയിലെ പ്രഥമ സാക്ഷരതാ നഗരം ഉൾപ്പെടുന്ന കോട്ടയം മണ്ഡലത്തിൽ മാത്രം "ആരും തിന്നുകയുമില്ല തീറ്റിക്കുകയുമില്ലെന്ന "നിലപാട് ശരിയാണോ എന്നാണ് ഒന്നിന് പിറകേ ഒന്നായി അരങ്ങേറുന്ന പേക്കൂത്തുകൾ കാണുമ്പോൾ ബന്ധപ്പെട്ടവരോട് ചോദിക്കാനുള്ളത്. !...