canal

കുമരകം: സമഗ്ര ടൂറിസം വികസനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നാലുപങ്ക് ബോട്ട് ടെർമലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പദ്ധതിയിൽ ഉൾപ്പെട്ട മറ്റ് നാല് നിർമ്മിതികളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. നിർമ്മാണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടതിനാൽ പല പദ്ധതി പ്രവർത്തനങ്ങളും ഉപയോഗപ്രദമല്ലാതെ നശിച്ചു കഴിഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരം മുബൈ ആസ്ഥാനമായ കൺസൾട്ടൻസി സ്ഥാപനം കുമരകത്തിന്റെ മുപ്പത് വർഷത്തേക്കുള്ള ടൂറിസം വികസന ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടസ്ഥാനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ഇതിനായി 9.77 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കേരള ഇറിഗേഷൻ ഇഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ഏജൻസി മഖേന പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്തു. ഹൗസ് ബോട്ട് ടെർമിനലിന് പുറമേ, നാലുപങ്ക് മുതൽ കുമരകം ബോട്ട് ജെട്ടി വരെയുള്ള 4.5 കിലോമീറ്റർ റോഡിന്റെ നവീകരണം, കവണാറ്റിൻകര മുതൽ ബോട്ട് ജെട്ടി വരെയുള്ള റോഡിന് ചേർന്നുള്ള 2 കിലോമീറ്റർ നീളമുള്ള കനാലിന്റെ ശുചീകരണം, ആശാരിമറ്റം കോളനി റോഡ് 150 മീറ്റർ നവീകരണം, നാലു പങ്ക് മുതൽ ബോട്ട് ജെട്ടി വരെയുള്ള റോഡിന് ചേർന്നുള്ള 2 കിലോമീറ്റർ കനാലിന്റെ ശുചീകരണം എന്നിവ ഇതേപദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പ് പൂർത്തീകരിച്ചു. ബോട്ട് ടെർമിനലുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടും പദ്ധതി ഉദ്ഘാടനം നടത്താൻ വൈകിയത്. ഇതോടെ പദ്ധതിയിലൂടെ നവീകരിച്ച റോഡുകൾ കുണ്ടും കുഴിയുമായി. ശുചീകരണം നടത്തിയ തോടുകൾ പലതും പുല്ലുകൾ പിടിച്ച് മാലിന്യം നിറഞ്ഞു. ഉപയോഗപ്രദമല്ലാത്ത കനാലുകളും നശിച്ച് തുടങ്ങിയ റോഡുകളും ഉൾപ്പെടുത്തി ഉദ്ഘാടനം നടത്തേണ്ട ഗതികേടിലാണ് ടൂറിസം വകുപ്പ്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകന്നേരം 4.30ന് കവണാറ്റിൻകരയിലെ വിനോദസഞ്ചാരവകുപ്പിന്റെ ജില്ലാ കാര്യാലയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിക്കും.