കോട്ടയം: അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ റോഡിലെ കൈയേറ്റം ഒഴിപ്പിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഓഫീസുകൾക്കു പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ കത്ത്. എല്ലാ മാസവും അഞ്ചാം തീയതി കൈയേറ്റം ഒഴിപ്പിച്ചതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകളിലെ കൈയേറ്റം വാഹനാപകടങ്ങൾക്കു കാരണമാകുന്നെന്ന മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ മാസം 15 നാണ് ചീഫ് എൻജിനീയർ കത്തയച്ചത്.
കാരണങ്ങൾ
കൈയേറ്റം വാഹനഗതാഗതത്തിന് തടസമാകുന്നു
ഫുട്‌പാത്തുകളിലൂടെ പോകുന്ന കാൽനടക്കാർക്ക് ദുരിതം
അനധികൃത കൈയേറ്റം വികസനം തടസപ്പെടുത്തുന്നു
അനധികൃത കൈയേറ്റം അപകടത്തിന് ഇടയാക്കുന്നു
കൈയേറ്റങ്ങൾ ഭാവി വികസനത്തെ തടസപ്പെടുത്തും
മുഖം നോക്കരുത്
റോഡുകൾ കൈയേറിയ ശേഷം കച്ചവടക്കാർ ഈ സ്ഥലം സ്വന്തം പേരിലാക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാർ ഏതു രാഷ്ട്രീയത്തിലും സമുദായത്തിലും പെട്ടവരാണെങ്കിലും മുഖം നോക്കാതെ ഒഴിപ്പിക്കണമെന്നാണ് കർശന നിർദേശം . ആവശ്യമെങ്കിൽ പൊലീസിന്റെയും റവന്യു വകുപ്പിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹായം തേടണം. ഏതെങ്കിലും സ്വാധീനത്തിനു വഴങ്ങി നിർദേശം നടപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ മേൽ കടുത്ത ശിക്ഷാ നടപടിയെടുക്കാനാണ് ചീഫ് എൻജിനീയറുടെ നീക്കം.
ഇനി കൈയേറ്റം അനുവദിക്കില്ല
ചീഫ് എൻജിനീയറുടെ നിർദേശം കർശനമായി പാലിക്കും. അതുവഴി ജില്ലയിൽ റോഡു കൈയേറ്റം ഇല്ലെന്ന് ഉറപ്പാക്കും. റോഡു കൈയേറ്റം മൂലം ഒരപകടവും ജില്ലയിൽ മേലിൽ ഉണ്ടാകില്ല.
- എക്‌സിക്യുട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്,
കോട്ടയം
നടപടി അപകടം ഒഴിവാക്കാൻ
റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ജില്ലയിലെ അപകട മേഖലകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
-ടോജോ എം. തോമസ്, ആർ.ടി.ഒ
എൻഫോഴ്‌സ്‌മെന്റ് കോട്ടയം