chakka

ഈരാറ്റുപേട്ട: കുമ്പളം കുത്തിയാൽ മത്തൻ കിളിർക്കുമോ എന്ന് പഴമക്കാർ ചോദിക്കാറുണ്ട്. ചിലപ്പോൾ കിളിർത്തേക്കും എന്നാണ് പുതിയ കാലത്തെ മറുപടി. ഈരാറ്റുപേട്ട അമ്പഴത്തിനാൽ ചെഞ്ചുകാം പറമ്പിൽ സാലി നട്ടത് കടപ്ളാവിൻ തൈയാണ്. അതു വളർന്നതും കടപ്ളാവായിത്തന്നെ. എന്നാൽ അതിൽ കായ്ചത് നല്ല ഒന്നാം തരം വരിക്കച്ചക്കയാണെന്നു മാത്രം.

8 വർഷം മുമ്പ് തൊടുപുഴ കാർഷികമേളയ്ക്കു പോയപ്പോഴാണ് സാലി ഒരു കടപ്ലാവിൽ തൈ വാങ്ങി തന്റെ തൊടിയിൽ നട്ടത്. വർഷങ്ങളെടുത്ത് അത് വളർന്ന് പന്തലിച്ചു. കഴിഞ്ഞ വർഷം നിറയെ കായ്ക്കുകയും ചെയ്തു. കടച്ചക്ക വിളഞ്ഞതോടെ ഒരെണ്ണം പറിച്ചെടുത്ത് മുറിച്ചപ്പോഴാണ് രസം. ചകിണിയും നിറയെ കുരുവും ചുളയുമായി ഒന്നാന്തരം ചക്ക . സംശയം തീർക്കാൻ ഒന്നിലധികം പറിച്ചെടുത്ത് മുറിച്ചു നോക്കി. എല്ലാം ചക്ക പോലെ തന്നെ. സാലിയുടെ ഈ അത്ഭുതകടപ്ലാവ് നാട്ടിൽ പാട്ടായതോടെ ഒട്ടേറെ പേർ എത്തി. വന്നവരുടെയെല്ലാം സംശയം തീർക്കാൻ ചക്ക പറിച്ചെടുത്തതോടെ
പ്ലാവ് കാലിയായി. ഏതായാലും ചക്ക കറി വയ്ക്കാൻ സൂപ്പറാണെന്നാണ് ബന്ധുവായ ഒരു റിട്ട. റ്റീച്ചറുടെ സാക്ഷ്യം. ഈ വർഷവും ഇല കാണാത്തവിധം നിറയെ കായ്ച്ചിട്ടുണ്ട്. ചക്കയുടെ രുചി കേട്ടറിഞ്ഞ പലരും മുൻകൂറായി ബുക്കു ചെയ്തിരിക്കുകയുമാണ്.