dean
ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ നിരാഹാര സമരം ആരംഭിച്ചപ്പോള്‍.

കട്ടപ്പന: ഭൂമിപതിവ് ചട്ടങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്താമെന്ന് സർവകക്ഷി യോഗത്തിലും നിയമസഭയിലും മുഖ്യമന്ത്രി നൽകിയ വാക്ക് പാലിക്കാൻ കഴിയാത്തത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡീൻ കുര്യാക്കോസ് എം.പി കട്ടപ്പനയിൽ ആരംഭിച്ച നിരാഹാര സമരം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് ജില്ലകൾക്കുള്ള എല്ലാ അവകാശങ്ങളും ഇടുക്കിക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലുള്ള ജനങ്ങൾക്ക് മറ്റു ജില്ലകളിലുള്ളവരുടെ അതേ അവകാശങ്ങൾ ഉണ്ടെന്നും എം.പി നടത്തുന്ന സമരത്തിനു പൂർണ പിന്തുണ നൽകുന്നതായും കേരള കോൺഗ്രസ്(എംജോസഫ്) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. പറഞ്ഞു. ഭൂവിഷയത്തിൽ നിരാഹാര സമരം നടത്തിയ റോഷി അഗസ്റ്റിൻ എം.എൽ.എയുടെ ഇപ്പോഴത്തെ നിലപാടറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ടെന്നും ഇടതുമുന്നണിയിൽ പ്രവേശിച്ചശേഷം ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന എം.എൽ.എയുടെ അഭിപ്രായം ജനവഞ്ചനയാണെന്നും ഡീൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ അഡ്വ. എം.എൻ. ഗോപി, തോമസ് രാജൻ, ദീപ്തി മേരി വർഗീസ്, യു.ഡി.എഫ്. നേതാക്കളായ ഇ.എം. ആഗസ്തി, എസ്. അശോകൻ, പ്രൊഫ. എം.ജെ. ജേക്കബ്, കെ.എ. കുര്യൻ, ജോയി തോമസ്, എ.പി. ഉസ്മാൻ, ടി.ജി. കൈമൾ, എ.കെ. മണി, ജോയി വെട്ടിക്കുഴി, ശ്രീമന്ദിരം ശശികുമാർ, കെ.ജെ. ബെന്നി, എം.ഡി. അർജുനൻ, ജോണി ചീരാംകുന്നേൽ, മനോജ് മുരളി, മുകേഷ് മോഹൻ എന്നിവർ പങ്കെടുത്തു.