കോട്ടയം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ മൂന്നാമത്തെ കക്ഷിയായ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് അഡ്വ.പി.എസ് ജെയിംസ് പറഞ്ഞു. ഐക്യജനാധിപത്യ മുന്നണിയുടെ എല്ലാ പോരാട്ടങ്ങളിലും ജില്ലയിൽ സജീവസാന്നിദ്ധ്യമാണ് ജേക്കബ് ഗ്രൂപ്പ്. കേരളാ കോൺഗ്രസ് (എം) യു.ഡി.എഫ് വിട്ട സാഹചര്യത്തിൽ വിശ്വസ്തരായ ഘടകകക്ഷികളോട് കോൺഗ്രസ് മാന്യത പുലർത്തണം. ജില്ലയിൽ ജോസഫ് വിഭാഗത്തേക്കാൾ സംഘടനാ സംവിധാനവും പ്രവർത്തകരുമുള്ള പാർട്ടിയാണ് ജേക്കബ് വിഭാഗമെന്നും വാകത്താനത്ത് നിന്ന് പാർട്ടിയിൽ ചേർന്ന 27 പേർക്ക് മെമ്പർഷിപ്പ് നല്കുന്ന യോഗത്തിൽ സംസാരിക്കവെ ജില്ലാ പ്രസിഡന്റ് പറഞ്ഞു. കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് ബിജു താനത്ത് അദ്ധ്യക്ഷത വഹിച്ചു.