kinar

ചങ്ങനാശേരി: വീടിനു മുന്നിലെ 25 അടി താഴ്ചയുള്ള കിണറ്റിൽ വീണ വീട്ടമ്മയെ അയൽവാസിയുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷിക്കാനായി. ഇൻഡസ്ട്രിയൽ നഗറിൽ പുതുപ്പറമ്പിൽ വൽസമ്മയാണ് (60) ഇന്നലെ രാവിലെ ഒൻപതോടെ വീടിനു മുന്നിലെ ചുറ്റുകെട്ടോടുകൂടിയ കിണറ്റിൽ വീണത്. ഇവരുടെ മകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസി പത്തടി ഉയരത്തിൽ വെള്ളമുള്ള കിണറ്റിൽ ഇറങ്ങി വീട്ടമ്മയെ മുങ്ങിയെടുത്ത് താങ്ങിപ്പിടിച്ചു നിന്നു. മുകളിലേയ്ക്ക് കയറ്റുവാൻ കഴിയാഞ്ഞതിനാൽ അഗ്നിരക്ഷാസേനയെ വിളിച്ചു വരുത്തി. സേനാംഗമായ നോബിൻ വർഗീസ് കിണറ്റിലിറങ്ങി വല ഉപയോഗിച്ചാണ് വീട്ടമ്മയെ കരയ്ക്ക് എത്തിച്ചത്. സാരമായി പരിക്കേറ്റ ഇവരെ സേനയുടെ ആംബുലൻസിൽ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ മുഹമ്മദ് താഹ, ഓഫീസർമാരായ നൗഫൽ, ജിജോ, മനു, ബിന്റു ആന്റണി, എസ്. ടി. ഷിബു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.