വൈക്കം: താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച ഡയാലിസിസ് യൂണിറ്റ് നാലിന് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ഉദ്ഘാടനം ചെയ്യും. താലൂക്ക് ആശുപത്രി വളപ്പിൽ മുൻ എം.എൽ.എയായിരുന്ന പി.നാരായണന്റെ ഫണ്ടിൽനിന്നും ചെലവഴിച്ചു നിർമിച്ച കെട്ടിടം നവീകരിച്ചാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചത്. പത്തു കിടക്കകളാണ് സജ്ജമാക്കുന്നത്. വൈക്കത്തും സമീപപ്രദേശത്തുമുള്ള ഡയാലിസിസ് ചെയ്യേണ്ടവർ എറണാകുളം, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. ഓരോ രോഗികൾക്കും മൂവായിരത്തലധികം രൂപയാണ് ഇതിനായി ചെലവ് വന്നിരുന്നത്. വൈക്കം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത് പ്രദേശത്തെ രോഗികൾക്ക് വലിയ ആശ്വാസമാകും. ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ആഘോഷമാക്കാൻ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം തീരുമാനിച്ചു. സി.കെ ആശ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ബിജു കണ്ണേഴത്ത് അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അംബരീഷ് ജി വാസു സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ പി ശശിധരൻ, എംടി അനിൽകുമാർ, എസി മണിയമ്മ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ആർഎംഒ ഡോ. എസ്‌കെ ഷീബ, സിപി ജയരാജ്, എംകെ രവീന്ദ്രൻ, കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സികെ ആശ (ചെയർപേഴ്‌സൺ), ബിജു കണ്ണേഴത്ത് (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.