muppai

കോട്ടയം: അറുപതോളം കുടുംബങ്ങൾ താമസിക്കുന്ന കോട്ടയം നഗരത്തിലെ പ്രദേശത്തിന് പുതിയ പേരായി. മണിപ്പുഴ -ഈരയിൽക്കടവ് ബൈപാസ് റോഡിന് കിഴക്ക്, നാട്ടകം ഗസ്റ്റ്‌ ഹൗസിന് പടിഞ്ഞാറ് റെയിൽവേ പാളത്തിനിപ്പുറവുമായി കൃത്യമായി സ്ഥലപ്പേരില്ലാതെ ബുദ്ധിമുട്ടിയവരാണ് 'മുപ്പായിപ്പാട"മെന്ന പേരിട്ടത് . മൂലേടം വാർഡാണങ്കിലും കൃത്യമായ മൂലേടമല്ല. നാട്ടകം ഗസ്റ്റ് ഹൗസിന് സമീപമാണങ്കിലും കൃത്യമായ അഡ്രസില്ല. ഓൺലൈനിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ കൃത്യമായ സ്ഥലപ്പേര് നൽകാനാവാതെ വിഷമിച്ചു. അങ്ങനെയാണ് പുതിയ പേരിടണമെന്ന അവശ്യം ഉയർന്നത്. നാട്ടിൽ ഇറങ്ങി കാര്യം അവതരിപ്പിച്ച് നാട്ടുകാർക്ക് തന്നെ പേരുകൾ നിർദ്ദേശിക്കാനുള്ള ഒരു നോട്ടീസ് തയ്യാറാക്കി, അതിൽ വിഷയവും, പേരിന് വേണ്ടുന്ന കാര്യങ്ങളും, ഉദാഹരണങ്ങൾ എന്നപോലെ കുറച്ചു പേരുകളും ചേർത്തു. ഒരു വ്യക്തിയുടെ പേര് ആകരുത്, ആരുടെയും വീട്ടുപേര് ആകരുത്, മതപരമോ രാഷ്ട്രീയപരമോ ആയ പേരുകൾ ആവരുത് എന്ന നിബന്ധനകൾ കൂടി വച്ചു. നോട്ടീസുമായി വീടുകൾ കയറി ഇറങ്ങി. പ്രതിക്ഷിച്ചതിനും അപ്പുറം ആയിരുന്നു ഈ ആശയത്തോടുള്ള നാട്ടുകാരുടെ സ്വീകാര്യത. ഏറ്റവും കൂടുതൽ ആളുകൾ മുന്നോട്ടുവെച്ച പേര് തെരഞ്ഞു. അങ്ങിനെ മുപ്പായിപ്പാടമെന്ന പേരിൽ ഇന്നലെ ബോർഡും സ്ഥാപിച്ചു. കൗൺസിലർ അഡ്വ: ഷീജ അനിൽ മുപ്പായിപ്പാടം സമർപ്പിച്ചു.