ina

ചങ്ങനാശേരി: ഇനി ചുറ്റും കാടില്ല, തെരുവുനായകളും സാമൂഹ്യവിരുദ്ധരും കയ്യടക്കില്ല, ചങ്ങനാശേരിയിലെ നഗരസഭ സ്റ്റേഡിയം പുതുപുത്തനായി. നവീകരിച്ച സ്റ്റേഡിയത്തിന്റെ പുനസമർപ്പണം കായികതാരം അഞ്ജു ബോബി ജോർജ്ജ് സൂം മീറ്റിംഗിലൂടെ നിർവഹിച്ചു. ഓടി തുടങ്ങിയ കളിക്കളത്തിലെ ഓർമ്മകൾ പുതുക്കിയ താരം തന്റെ ആദ്യ പരിശീലന വേദി കൂടിയാണ് ചങ്ങനാശേരിയിലെ നഗരസഭ സ്റ്റേഡിയമെന്നും പറഞ്ഞു.

ഉയിർത്തെഴുന്നേൽപ്പ്

1972 മെയ് 27ന് കേരള ഗവർണർ ആയിരുന്ന വി.വിശ്വനാഥൻ തറക്കല്ലിട്ട സ്റ്റേഡിയമാണ്. 1973 മാർച്ച് 11ന് ബോളിവുഡ് താരം രാജ്കപൂറാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സ്റ്റേഡിയം ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന എഡ്വേർഡ് സായിപ്പിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ചുറ്റിലും കാടു പിടിച്ചും ഗ്യാലറിയിലെ കല്ലുകൾ ഇളകിയും തെരുവുനായക്കളും യാചകരും സാമൂഹ്യവിരുദ്ധരും കൈയ്യടക്കിയ സ്റ്റേഡിയത്തെ കായിക പ്രേമികളും മറന്നു തുടങ്ങിയിരുന്നു. ചങ്ങനാശേരി നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഡിയം ക്ലബ് അംഗവുമായ സാജൻ ഫ്രാൻസിസ് മുൻകൈയ്യെടുത്തതോടെ സ്റ്റേഡിയം പൂർവ്വ കാല പ്രതാപം വീണ്ടെടുക്കുന്നതിനുള്ള വഴി തുറന്നത്. ആദ്യപടിയായി എതിർപ്പുകൾക്കിടയിലും പവലയനിലെ സർക്കാർ ഓഫീസുകൾ ഒഴിപ്പിച്ചു. ഗ്യാലറിയും പവലിയനും ടോയ്‌ലറ്റുകളും അറ്റകുറ്റപ്പണികൾ നടത്തി പെയിന്റിംഗ് ചെയ്തു. 20 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് സ്റ്റേഡിയത്തിൽ നടത്തിയത്.

വലിയ മത്സരങ്ങൾക്കും കായിക മാമാങ്കങ്ങൾക്കും സൗകര്യം ഒരുക്കാൻ പാർക്കിംഗ് സംവിധാനവും ഇവിടെ ഒരുക്കും. കായിക രംഗത്തെ പ്രഗത്ഭരെ ഉൾപ്പെടുത്തി സ്റ്റേഡിയം പരിപാലന സമിതിയുണ്ടാക്കി. ചങ്ങനാശേരിയിലെ കലാലയങ്ങളിലെ കായിക പ്രതിഭകൾക്കായി പ്രധാന പരിശീലന കേന്ദ്രമായി ഉയർത്തും. ഒളിമ്പ്യൻ അഞ്ചു ബോബി ജോർജ്ജ് അടക്കം നിരവധി കായിക താരങ്ങൾക്ക് പരിശീലനം തേടാൻ ഉപകരിച്ച ചങ്ങനാശേരി മുനിസിപ്പൽ സ്റ്റേഡിയം ഇന്ത്യയ്ക്കും കേരളത്തിനും നിരവധി കായിക താരങ്ങളെയാണ് സംഭാവന ചെയ്തിരിക്കുന്നത്.യോഗത്തിൽ നഗരസഭ ചെയർമാൻ സാജൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആർ.ശിവകുമാർ, റിട്ടയേർഡ് എസ്.പി പി.ബി വിജയൻ, ആർട്ടിസ്റ്റ് ദാസ്, ബിനീഷ് തോമസ്, ദ്രോണ രമേശ്, തൊമ്മച്ചൻ, ബേബി തൂമ്പുങ്കൽ, മനു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു ദ്രോണ അക്കാഡമിയിലെ കായികതാരങ്ങൾ കൂട്ടയോട്ടം നടത്തി.