കോട്ടയം: ജില്ലയിലെ ഏറ്റവും നീളം കൂടിയ കൊടൂരാറിനു കുറുകെയുള്ള പാലം പണി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. മുട്ടമ്പലത്ത് 610 മീറ്റർ നീളമുള്ള പാലത്തിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചുകഴിഞ്ഞു. 2021 ഡിസംബറിനുമുമ്പ് പാത തുറന്നുകൊടുക്കാനുള്ള ശ്രമമാണ് റെയിൽവേ നടത്തുന്നത്.
ഈ പാലത്തിന് പുറമെ മീനച്ചിലാറിനു കുറുകെയുള്ള നീലിമംഗലം പാലം, എസ്.എച്ച് മൗണ്ടിനു സമീപമുള്ള പാലം എന്നിവയും പൂർത്തിയാക്കേണ്ടതുണ്ട്. നീലിമംഗലത്തും പണി ആരംഭിച്ചുകഴിഞ്ഞു. റബർബോർഡിനു സമീപമുള്ള പാലത്തിന്റെ പണി ഏകദേശം പകുതിയോളം പൂർത്തിയായി. ഇവിടെയും പണി പുരോഗമിക്കുകയാണ്. കൂടാതെ കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോമിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇവിടെ റെയിൽവേ സ്റ്റേഷന്റെ പണിയും തുടരുകയാണ്.
കണക്കുകൂട്ടൽ
തെറ്റിച്ച് കൊടൂരാർ
കൊടൂരാറിനു കുറുകെയുള്ള പാലം പണി ആരംഭിച്ചതേയുളളു. ഇവിടെ മണ്ണിന് തീരെ ഉറപ്പു കുറവാണ്. ഉദ്ദേശിച്ചതിൽ കൂടുതൽ ആഴത്തിൽ പൈലിംഗ് നടത്തേണ്ടതായി വന്നിട്ടുണ്ട്. ഇവിടെ നിലവിലുള്ള റെയിൽവേ പാതക്ക് ഒന്നരയടിയോളം ഇരുത്തൽ വന്നിട്ടുണ്ട്. അതിനാൽ പാലത്തിനോട് ചേർന്ന് ഇരുവശത്തും കോൺക്രീറ്റ് അപ്രോച്ച് പാലവും നിർമ്മിക്കും. ഈ ഭാഗത്ത് പാടത്തുകൂടിയാണ് പാത കടന്നുപോവുന്നത്. മണ്ണ് ഇരുത്തിയാലും അപ്രോച്ച് റോഡ് നിർമ്മിച്ചാൽ അത് റെയിൽ ഗതാഗതത്തിന് ദോഷം വരില്ലത്രേ. മുട്ടമ്പലത്തെയും കെ.കെ റോഡിന് സമീപമുള്ള ടണൽ ഭാഗത്തെയും പാറകളിൽ വിള്ളൽ ഉണ്ടാക്കിയാണ് പാറകൾ നീക്കം ചെയ്യുന്നത്. വെടിവച്ച് പാറ പൊട്ടിക്കൽ ഇവിടെ നടക്കില്ല. കാരണം, തൊട്ടടുത്തുള്ള ബി.എസ്.എൻ.എൽ ക്വാട്ടേഴ്സിന് പാറ വെടിമരുന്ന് ഉപയോഗിച്ച് പൊട്ടിച്ചുനീക്കിയാൽ ക്ഷതം സംഭവിക്കും. വലിയ അളവിൽ ഇവിടെനിന്ന് പാറ പൊട്ടിച്ചു നീക്കേണ്ടതുണ്ട്.
പേമാരിയെ തുടർന്ന് പാത ഇരട്ടിപ്പിക്കൽ ജോലി സ്തംഭനാവസ്ഥയിലായിരുന്നു. കൂടാതെ കൊവിഡ് ബാധയെ തുടർന്ന് തൊഴിലാളി ക്ഷാമം നേരിട്ടതോടെ മാസങ്ങളായി ഇരട്ടിപ്പിക്കൽ ജോലി നിർത്തിവയ്ക്കേണ്ടതായും വന്നിരുന്നു. ഇതോടെയാണ് ഏറ്റുമാനൂർ-ചിങ്ങവനം റീച്ചിന്റെ പണി നീണ്ടുപോവാൻ കാരണം. ഇതിനോടകം ഏറ്റുമാനൂർ-കുറുമ്പുന്തറ റീച്ചും ചിങ്ങവനം-കായംകുളം റീച്ചും പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റുമാനൂർ-ചിങ്ങവനം 16.8 കിലോ മീറ്റർ റീച്ച് പൂർത്തിയാക്കിയാൽ ഇരട്ടപ്പാത യാഥാർത്ഥ്യമാവും.