
വൈക്കം : തലയാഴം പഞ്ചായത്തിലെ മുണ്ടാർ ഏഴാം ബ്ലോക്കിലെ പാടശേഖരത്തിന്റെ പറക്കുഴിയുടെ കൽക്കെട്ട് തകർന്നത് പാടശേഖരത്തിലെ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് തടസമാകുന്നു. പാടശേഖര സമിതി പലതവണ ആളെ പറക്കുഴിയിൽ ഇറക്കി കരിങ്കല്ല് നീക്കിയാണ് മോട്ടോർ പ്രവർത്തിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് പാടശേഖരത്തിലെ മോട്ടോർ പുരയടക്കം വെള്ളത്തിലായിരുന്നു. ശക്തമായ ജലപ്രവാഹത്തിലാണ് പറക്കുഴി തകർന്നത്.
ദിവസങ്ങളോളം മോട്ടോർപുര വെള്ളത്തിൽ മുങ്ങിക്കിടന്നതിനാൽ മോട്ടോറിനും തകരാർ സംഭവിച്ചു. വൻതുക ചെലവഴിച്ചാണ് അറ്റകുറ്റപണി നടത്തി മോട്ടോർ പ്രവർത്തനക്ഷമമാക്കിയത്. 66 ഏക്കർ വിസ്തൃതിയുള്ള പാടശേഖരം ഭൗതിക സാഹചര്യം മെച്ചമല്ലാത്തതിനാൽ 15 വർഷം തരിശായി കിടന്നു. ജില്ലാ പഞ്ചായത്തംഗം പി.സുഗതന്റെ ശ്രമഫലമായി ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് മോട്ടോർതറ നിർമ്മിച്ച് പെട്ടിയും പറയും സജ്ജമാക്കി കൃഷി പുനരാരംഭിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി കൃഷി നടന്നു വരുന്നു.
പാടശേഖരം തരിശുരഹിതം
പഞ്ചായത്തിന്റെയും കൃഷിഭവന്റേയും സഹായത്തോടെ പാടശേഖരത്തിലെ തരിശുകിടന്ന ആറേക്കറിൽ കൂടി കൃഷിയിറക്കാൻ നിലമൊരുക്കിയതോടെ പാടശേഖരം തരിശുരഹിതമായി. വിരിപ്പും വർഷകൃഷിയും ചെയ്തിരുന്ന പാടശേഖരമാണിത്. പാടശേഖരത്തിന്റെ നാലര കിലോമീറ്റർ ദൈർഘ്യമുള്ള പുറബണ്ട് ഉയരം കൂട്ടി ബലപ്പെടുത്തിയാൽ വർഷക്കൃഷി നടത്താനാകുമെന്ന് കർഷകർ പറയുന്നു. അര ഏക്കർ മുതൽ രണ്ട് ഏക്കർ വരെ നിലമുള്ള കർഷകരാണിവിടെയുള്ളത്.
തകർന്ന പറക്കുഴി കുറ്റമറ്റതാക്കാനും പുതിയ മോട്ടോർ അനുവദിക്കുന്നതിനും പുറബണ്ട് ഉയരം കൂട്ടി ബലപ്പെടുത്താനും സർക്കാർ നടപടി സ്വീകരിക്കണം
പാടശേഖര സമിതി