കോട്ടയം: ശുദ്ധമായ ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കാൻ വിപുലമായ സംവിധാനവുമായി കുടുംബശ്രീ. ഇതിന്റെ ഭാഗമായി കാണക്കാരിയിൽ ജില്ലയിലെ ആദ്യ കുടുംബശ്രീ ബസാർ ഉടൻ തുറക്കും. തനിമ, പരിശുദ്ധി, കേരളീയത എന്നീ സന്ദേശവുമായി കുടുംബശ്രീ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴിലെത്തിക്കുകയാണ് ലക്ഷ്യം. കാണക്കാരിയിൽ ആയിരം ചതുരശ്ര അടിയുള്ള മൂന്ന് ഷട്ടർ മുറിയിലാണ് ബസാർ. ഇന്ന് മുതൽ സാധനങ്ങൾ എത്തിച്ചു തുടങ്ങും. ഈ മാസം പ്രവർത്തനം തുടങ്ങും.
ജില്ലയിലെ 300ലേറെ കുടുംബശ്രീ സംരംഭകരുടെ വിഭവങ്ങളാണ് ബസാറിലുണ്ടാവുക. കുടുംബശ്രീ സംരംഭകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയും ബസാറിന്റെ ലക്ഷ്യമാണ്. ജൈവ അരി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കസ്തൂരി മഞ്ഞൾപ്പൊടി, അച്ചാറുകൾ, നാടൻ പലഹാരങ്ങൾ, ഉപ്പേരികൾ, സോപ്പുകൾ, ജാം തുടങ്ങി മുന്നൂറിലേറെ ഉത്പന്നങ്ങൾ ബസാറിലുണ്ടാവും.
രുചിക്കൂട്ടുകൾ വിഷാംശമില്ലാത്തയാകുമെന്നതാണ് പ്രധാന സവിശേഷത. ഭക്ഷ്യ, ഭക്ഷ്യേതര വിഭവങ്ങളും നാടൻ പച്ചക്കറികളുമുണ്ടാകും. ഓണത്തോട് അനുബന്ധിച്ച് ബസാർ ആരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ നീണ്ടു പോവുകയായിരുന്നു. സംരംഭകരുടെ കൂട്ടായ്മയായ കുടുംബശ്രീ ബസാർ കൺസോർഷ്യത്തിനാണ് നടത്തിപ്പു ചുമതല. ജില്ലാ മിഷൻ കോ– ഓർഡിനേറ്റർ ചെയർമാനും തിരഞ്ഞെടുക്കപ്പെട്ട സംരംഭക സെക്രട്ടറിയുമാകും. കൺസോർഷ്യത്തിൽ അംഗത്വമെടുത്ത് സംരംഭകർക്ക് ന്യായവിലയ്ക്ക് സാധനങ്ങൾ ബസാറിലെത്തിച്ച് വിപണനം നടത്താം. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് വാങ്ങാം.
'' കുടുംബശ്രീ ഉത്പന്നങ്ങൾക്കു മാത്രമായൊരു സ്ഥിരം വിപണന കേന്ദ്രം തുറക്കുകയാണ്. ഉടൻ തന്നെ ഇതു പ്രവർത്തന സജ്ജമാക്കും.
- ജോബി ജോൺ, പ്രോഗ്രാം മാനേജർ