വൈക്കം : വെച്ചൂർ പഞ്ചായത്തിൽ നാലാം വാർഡിൽ ബണ്ട് റോഡിന് തെക്കുവശത്ത് പാടശേഖരത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന അരമുറി പൊതുശ്മശാനം വൈദ്യുതിശ്മശാനമാക്കണമെന്ന ആവശ്യം ശക്തമായി. വെച്ചൂരിലെയും വൈക്കത്തെ വിവിധ പ്രദേശങ്ങളിലേയും നിർദ്ധനരായ പട്ടികജാതി കുടുംബങ്ങൾ തലമുറകളായി മൃതദേഹം സംസ്‌കരിക്കുന്നത് ഇവിടെയാണ്. 20 സെന്റോളം വിസ്തൃതിയാണ് ശ്മശാനത്തിനുള്ളത്.
നിർദ്ധനരായ കുടുംബങ്ങളിൽ ഭൂരിഭാഗത്തിനും വീട്ടുവളപ്പിൽ മൃതദേഹം അടക്കം ചെയ്യാനുള്ള സൗകര്യമില്ല. വെച്ചൂരിൽ മാത്രം 600 ലധികം പട്ടികജാതി കുടുംബങ്ങളുണ്ട്. വെച്ചൂരിന് പുറമെ വൈക്കത്തിന്റെ മറ്റ് പ്രദേശങ്ങളിൽ നിന്നും സ്ഥലസൗകര്യമില്ലാത്തവർ അരമുറി ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാനെത്തുന്നുണ്ട്. വൈക്കത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണപ്പെടുന്ന അവകാശികളില്ലാത്തവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അധികൃതർ തിരഞ്ഞെടുക്കുന്നതും ഇവിടെയാണ്.
നല്ല റോഡുമില്ല
പാടശേഖരത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ശ്മശാനത്തിനു സമീപത്ത് വീടുകളില്ല. അരമുറി ശ്മശാനത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ ശ്മശാനമായി മാറ്റിയാൽ വെച്ചൂർ പഞ്ചായത്തിനും സമീപ പഞ്ചായത്തുകളിലുള്ളവർക്കും ഏറെ പ്രയോജനകരമാകും. നല്ല റോഡ് നിർമ്മിച്ച് വൈദ്യുതശ്മശാനം യാഥാർഥ്യമാക്കാൻ പഞ്ചായത്ത് അധികൃതരും സർക്കാരും പദ്ധതി തയ്യാറാക്കണമെന്ന് പട്ടികജാതി കുടുംബങ്ങൾ ആവശ്യപ്പട്ടു.