കോട്ടയം : കൊവിഡിന് പിന്നാലെ ജില്ലയിൽ എലിപ്പനി പടർന്നു പിടിക്കാതിരിക്കാൻ അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. ജില്ലയിൽ നവംബറിലെ ആദ്യ പകുതി എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്‌ക്കുന്നതിനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലും ബോധവത്കരണങ്ങൾ പ്രവർത്തനവും ശുചീകരണവും നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

ആരോഗ്യ പ്രവർത്തകരെല്ലാം മാസങ്ങൾ നീണ്ടു നിന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് എന്നതാണ് ആരോഗ്യവകുപ്പിന്റെ വെല്ലുവിളി. ഇതിനിടയിൽ വേണം പരിമിതമായ വിഭവങ്ങളുമായി എലിപ്പനി വരാതെ കാക്കേണ്ടത്. സാധാരണ ചെറിയ മഴയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്ന് കുടിവെള്ളത്തിൽ എലിയുടെ മൂത്രവും മലവും കലർന്നാണ് എലിപ്പനി വരുന്നത്. ഇത് ഒഴിവാക്കി പുരയിടം വൃത്തിയാക്കി സൂക്ഷിക്കണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. ബോധവത്കരണ ക്ലാസുകൾ, പ്രതിരോധ മരുന്ന് വിതരണം, വിവിധ വകുപ്പുകളുടെ മീറ്റിംഗ് എന്നിവയും നടക്കും. കൃഷിയുമായി ബന്ധപ്പെട്ട് ജോലിയിൽ ഏർപ്പെടുന്നവർ, തൊഴിലുറപ്പ് പണിക്കാർ എന്നിവർക്കും, മലിന ജലവുമായി സമ്പർക്കത്തിൽ വരാൻ ഇടയാക്കുന്ന പ്രദേശങ്ങളുടെ മാപ്പിംഗ് നടത്തി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.

തുടക്കം അതിരമ്പുഴയിൽ

അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല ഉദ്ഘാടനം സംഘടിപ്പിച്ചു. ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസിലിൻ റ്റോമിച്ചൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീനാ രാജേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപാ ജോസ് , വാർഡ് മെമ്പർ പി.കെ.ഷാജി , മെഡിക്കൽ ഓഫീസർ ഡോ.റോസിലിൻ ജോസഫ്, ഹെൽത്ത് സൂപ്പർവൈസർ അനിൽ കുമാർ, പഞ്ചായത്ത് സെക്രട്ടറി മനോജ് , ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ.സി എന്നിവർ പ്രസംഗിച്ചു..