കോട്ടയം: നാട്ടിൻ പുറങ്ങളിലെ പറമ്പുകളിൽ തേരാപ്പാര ഓടി നടക്കുന്ന ഉടുമ്പുകൾ നഗരത്തിലും വിലസിത്തുടങ്ങി. മാലിന്യം മുതൽ പാമ്പിന്റെ മുട്ടവരെ കഴിക്കുന്ന ഉടുമ്പുകൾ വീടുകളിലേയ്ക്ക് കൂടി കടന്നുകയറുകയാണ്. നാട്ടിൻ പുറങ്ങളിൽ കോഴി-താറാവ്-മീൻ കർഷകരുടെ സ്ഥിരം ശത്രുവാണ് കക്ഷി. എന്നാൽ എത്ര ഉപദ്രവമുണ്ടെങ്കിലും തൊടാമെന്ന് കരുതേണ്ട, പണി കിട്ടും.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് ഇപ്പോൾ ഉടുമ്പുകളുടെ വിഹാരം. നഗരത്തിലെ ഓടകളിലും പൊത്തുകളിലും ചെളിപ്പറമ്പിലുമൊക്കെ യഥേഷ്ടമുണ്ട് ഈ ആശാൻമാർ. വനംവകുപ്പിന്റെ സംരക്ഷണമുണ്ടെന്ന് അറിഞ്ഞുകൊണ്ടല്ലെങ്കിലും നഗരത്തിലെ പലവീടുകളിലും മുറ്റത്തേയ്ക്കുമൊക്കെ നെഞ്ചും വിരിച്ച് പോരാളിയെപ്പോലെ ഇവർ കടന്നു വരുന്നു. മൂന്ന് വർഷംകൊണ്ട് നഗരത്തിൽ ഉടുമ്പുകളുടെ എണ്ണം വളരെ വർദ്ധിച്ചെന്ന് വനംവകുപ്പും സമ്മതിക്കുന്നു.
മീനും ഇറച്ചിയും ഉടുമ്പുകളുടെ ഇഷ്ടഭക്ഷണമാണ്. കോഴികളെയും താറാവുകളെയും മത്സ്യക്കുളങ്ങളിലെ മീനുകളെയും പിടിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തികനഷ്ടം വരുത്തുന്നുണ്ട്.
പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം കൂടിയതോടെയാണ് നഗരങ്ങളിൽ ഇവയെ വ്യാപകമായി കാണാൻ തുടങ്ങിയത്. കോടിമത ചന്തയും തിരുനക്കരയിലെ ഓടകളുമൊക്കെ ഇവയുടെ വിഹാര കേന്ദ്രങ്ങളാണ്. കുമരകം അടക്കമുള്ളിടങ്ങളിൽ നിന്നാണ് നഗരങ്ങളിലേയ്ക്ക് ഉടുമ്പുകളുടെ കടന്നുകയറ്റം.
'' വന്യജീവി വർഗത്തിൽപ്പെട്ടതാണ് ഉടുമ്പുകൾ. പിടിക്കുകയോ, കടത്തുകയോ, കൈവശം വയ്ക്കുകയോ ചെയ്യുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ്. തടവുശിക്ഷയടക്കം ലഭിക്കും'' -
ഡോ.ജി.പ്രസാദ് , അസി.ഫോറസ്റ്റ് കൺസർവേറ്റർ