prof

കോട്ടയം: കൊവിഡിൽ നട്ടം തിരിയുന്നതിനിടെ അപേക്ഷാ ഫീസ് അഞ്ചിരട്ടിയായി വർദ്ധിപ്പിച്ച് എം.ജി സർവകലാശാല. അസി.പ്രൊഫസർ തസ്‌തികയിലേയ്‌ക്കുള്ള അപേക്ഷാ ഫീസാണ് കണ്ണിൽ ചോരയില്ലാത്ത വിധം കൂട്ടിയത്. സംവരണവിഭാഗത്തിലും ജനറൽ വിഭാഗത്തിലും സമാനമായ വർദ്ധനയുണ്ട്.

കഴിഞ്ഞ മാസം വിവിധ വകുപ്പുകളിലെ അസി. പ്രൊഫസർ തസ്‌തികയിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ജനറൽ വിഭാഗത്തിന് ആയിരം രൂപയും സംവരണ വിഭാഗങ്ങൾക്ക് അഞ്ഞൂറു രൂപയുമായിരുന്നു ഫീസ്. എന്നാൽ കൊവിഡിനു ശേഷം അപേക്ഷ ക്ഷണിച്ചപ്പോൾ ഇത് 5000 രൂപയും 2500 രൂപയുമായി .

കഴിഞ്ഞ ദിവസമാണ് സർവകലാശാലയിലെ നിയമനങ്ങൾ പി.എസ്.സിയ്‌ക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. ഇതിനു പിന്നാലെ അപ്രതീക്ഷിതമായി രണ്ടു തസ്‌തികയിലേയ്‌ക്ക് അപേക്ഷ ക്ഷണിക്കുകയായിരുന്നു. നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് ഈ തസ്‌തികയിലേയ്ക്ക് അപേക്ഷിക്കുന്നതിന് കാത്തിരിക്കുന്നത്. സാധാരണക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഫീസ് വർദ്ധന വൻ തിരിച്ചടിയാകും.

അപേക്ഷാ ഫീസ് കുത്തനെ വർദ്ധിപ്പിച്ചത് ഗൂഢാലോചനയാണോ എന്നു സംശയിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ പരമാവധി കടുംവെട്ട് നടത്താനാണ് സിൻഡിക്കേറ്റ് ശ്രമിക്കുന്നതെന്നാണ് സംശയം. വർദ്ധിപ്പിച്ച ഫീസ് പിൻവലിക്കണം. വൈസ് ചാൻസലർക്കും ചാൻസലർ കൂടിയായ ഗവർണർക്കും പരാതി നൽകും.

ജോർജ് പയസ്, ജില്ലാ പ്രസിഡൻ്റ്

കെ.എസ്.യു