കോട്ടയം: ഉമ്മൻചാണ്ടിയും പി.ജെ.ജോസഫും പങ്കെടുത്ത യു.ഡി.എഫ് നേതൃയോഗത്തിലും തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് ചർച്ചയായില്ല. ഘടക കകക്ഷികൾ സീറ്റ് സംബന്ധിച്ച അവരുടെ അവകാശവാദം എഴുതി കൊടുക്കാൻ യോഗത്തിൽ നിർദ്ദേശമുണ്ടായി. ഇതനുസരിച്ച് ചെറു ഘടകകക്ഷികൾ എഴുതി നൽകി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലഭിച്ച 11 സീറ്റെന്ന നിലപാടിൽ അയവു വരുത്തിയില്ല. സീറ്റുകൾ വച്ചു മാറുന്നത് ചർച്ച ചെയ്യാം. എന്നാൽ കോൺഗ്രസും കേരളകോൺഗ്രസ് എമ്മും 11 സീറ്റുകൾ വീതം വച്ച തൽസ്ഥിതി തുടരണമെന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം.
"സീറ്റുകളുടെ കാര്യത്തിൽ പിടിച്ചെടുക്കലോ വിട്ടുവീഴ്ചയോ ഉണ്ടാകില്ല. പാർട്ടിയുടെ ശക്തി അനുസരിച്ച് അർഹമായ വീതം വയ്ക്കൽ നടത്തിയാൽ മതി. ജയിച്ച സീറ്റുകൾ എന്ന നിലപാടിനോട് യോജിപ്പില്ല. മത്സരിച്ച സീറ്റുകൾ വേണമെന്ന നിലപാടിന് മാറ്റമില്ല" എന്നാണ് ജോസഫ് വിഭാഗം ഉന്നത നേതാവ് പ്രതികരിച്ചത്.
നവംബർ അഞ്ചു മുതൽ എട്ട് വരെ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നേതൃയോഗങ്ങൾ ചേർന്നു ത്രിതല പഞ്ചായത്തു സമിതികളിൽ സീറ്റ് ധാരണ ഉണ്ടാക്കും. തർക്കമുള്ള സീറ്റുകളുടെ കാര്യം പിന്നീട് ഉഭയ കകക്ഷി ചർച്ചയിൽ തീരുമാനിക്കാമെന്ന നിലപാടിലാണ് യോഗം പിരിഞ്ഞത്. നാലു മുതൽ 14 വരെ സംസ്ഥാന തലത്തിൽ എല്ലാ ജില്ലകളിലും യു.ഡി.എഫ് നേതൃയോഗം ചേരും. എട്ടിനാണ് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ പങ്കെടുക്കുന്ന കോട്ടയത്തെ നേതൃ യോഗം.
ഇ.ജെ.അഗസ്തിക്ക് വരവേൽപ്പ്
25 വർഷം കേരള കോൺഗ്രസ് (എം) ചെയർമാനായിരുന്നു ഇ.ജെ.അഗസ്തി ജോസ് വിഭാഗം ഇടതു മുന്നണിയിൽ ചേർന്നതിൽ പ്രതിഷേധിച്ച് ഇന്നലെ ജോസഫ് ഗ്രൂപ്പിൽ ചേർന്നു. കോട്ടയം ഡി.സി.സി ഓഫീസിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗത്തിനെത്തിയ അഗസ്തിയെ ഉന്നത നേതാക്കൾ സ്വീകരിച്ചു.