കോട്ടയം: വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി വൻ മുന്നേറ്റം സൃഷ്ടിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വൻ ഭുരിപക്ഷത്തിൽ അധികാരത്തിൽ വന്ന ഇടതുമുന്നണിക്ക് അഴിമതിയിൽ മുങ്ങിക്കുളിച്ച് ജനപിന്തുണ നഷ്ടപ്പെട്ടതോടെ ആത്മവിശ്വാസം ഇല്ലാതായി. അതിനാലാണ് ജോസ് വിഭാഗത്തെ കൂടെ കൂട്ടിയത് . വരുന്ന തിരഞ്ഞെടുപ്പുകളിൽ യു ഡി എഫിന്റെ വിജയമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത് . കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യു.ഡി.എഫ് ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കാൽനൂറ്റാണ്ടായി കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും,യു.ഡി.എഫ് ജില്ലാ ചെയർമാനുമായിരുന്ന ഇ.ജെ. ആഗസ്തി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിനൊപ്പം യു ഡി എഫ് നേതൃയോഗത്തിനെത്തി.യു.ഡി.എഫ് ജില്ലാ ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു . കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ,യു.ഡി. എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ ,കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് ജോസഫ് വാഴയ്ക്കൻ , ടോമി കല്ലാനി , ജോയ് എബ്രഹാം, ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, മുസ്ളീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. എച്ച്. അബ്ദുൾ സലാം തുടങ്ങിയവർ പങ്കെടുത്തു.