കട്ടപ്പന: പീഡനത്തെ തുടർന്ന് തീകൊളുത്തി ആത്മഹത്യ ചെയ്ത ദളിത് പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും കുടുംബാംഗത്തിന് സർക്കാർ ജോലിയും സർക്കാർ നൽകണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാ ദേവി ആവശ്യപ്പെട്ടു. . കേസിൽ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. വീട്ടുകാർ പരാതി നൽകിയിരുന്നുവെങ്കിലും പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു ശേഷം സമ്മർദത്തിലായതോടെയാണ് പ്രതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.. വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുകയായിരുന്നു. ഇടുക്കിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കുകയാണ്. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മഹിള മോർച്ചയുടെ നേതൃത്വത്തിൽ കാഞ്ചിയാറിൽ നാളെ വൈകിട്ട് നാലിന് പ്രതിഷേധ യോഗം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ബി.ജെ.പി. ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ, എറണാകുളം മേഖല സെക്രട്ടറി ജെ. ജയകുമാർ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ജില്ലാ കമ്മിറ്റി അംഗം രാജൻ മണ്ണൂർ, കാഞ്ചിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മിച്ചൻ ഇളം തുരുത്തിയിൽ, മഹിള മോർച്ച ജില്ലാ പ്രസിഡന്റ് രമ്യ രവീന്ദ്രൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിന്ധു അഭിലാഷ്, യുവമോർച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജീമോൻ ജോസഫ് എന്നിവരും പങ്കെടുത്തു.