കട്ടപ്പന: ഇടുക്കിയിലെ പട്ടയഭൂമികളിൽ യാഥാർത്ഥ്യ ബോധമില്ലാത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ ജനങ്ങളെ വഞ്ചിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി. കട്ടപ്പനയിൽ നടത്തുന്ന നിരാഹാര സമരത്തിന് അഭിവാദ്യമർപ്പിച്ച് വീഡിയോ കോൺഫറൻസിലൂടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതിരഹിതമായ ഒരു തീരുമാനവും ഉത്തരവും നിലനിൽക്കില്ല. അത് ഉടൻ തിരുത്തേണ്ടി വരും. കേരളത്തിലെ മറ്റു ജില്ലകളിലെ ആളുകൾക്കുള്ള അവകാശം ഇടുക്കിയിലെ ജനങ്ങൾക്ക് അനുവദിക്കില്ലെന്ന സർക്കാരിന്റെ തീരുമാനം അംഗീകരിക്കാവുന്നതല്ല. ഒടുവിൽ സർക്കാരിന്റെ പിന്നോട്ടുപോകേണ്ടിവരും. ഇപ്പോൾ നടത്തുന്ന നിരാഹാര സമരത്തിന് ലഭിക്കുന്ന ജനപിന്തുണ അതിനുള്ള തെളിവാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. . കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ റോയി കെ.പൗലോസ്, ഡോ. മാത്യു കുഴൽനാടൻ, ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി.സി.സി. സെക്രട്ടറി തോമസ് രാജൻ, കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, നേതാക്കളായ എ.പി. ഉസ്മാൻ, ഷീബ രാമചന്ദ്രൻ, ഷൈനി സജി, എം.ഡി. അർജുനൻ, കെ.ബി. സെൽവം, അരുൺ പൊടിപാറ, ജയ്‌സൺ കെ.ആന്റണി, ആഗസ്തി അഴകത്ത് തുടങ്ങിയവർ സമരപ്പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു.