കാഞ്ഞിരപ്പള്ളി: അകാലത്തിൽ വിടപറഞ്ഞ യുവാക്കളുടെ കുടുംബങ്ങൾക്ക് കരുതലായി സെൻട്രൽ ജമാ അത്ത്. 'ന്യൂസ് റത്തിന്റ മസാക്കിൻ' സംഘടനയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങൾകൊണ്ട് പിരിച്ചെടുത്തത് 42 ലക്ഷം രൂപ. ഇത് ഉപയോഗിച്ച് കാഞ്ഞിരപ്പള്ളി പാറക്കടവ് ലെയ്‌നിൽ സ്ഥലം വാങ്ങി. അവിടെ നാലു കുടുംബങ്ങൾക്കായി രണ്ട് നിലകളിലായി ഫ്ലാറ്റുകൾ ഉയർന്നു.
പക്ഷേ, ഇത് ഇവർക്ക് താമസിക്കാനല്ല. ഇതിൽ നിന്നുള്ള വാടക ഉപയോഗിച്ച് നിത്യചിലവുകൾ നടത്തണം. കുട്ടികളുടെ വിദ്യാഭ്യാസവും നടത്തണം. ദീർഘവീക്ഷണത്തോടെയുള്ള തീരുമാനം നാലു കുടുംബങ്ങൾക്ക് തണലായി.
നിലവിൽ നാലു കുടുംബങ്ങൾക്കും ഇപ്പോൾ അന്തിയുറങ്ങാൻ കൂരകളുണ്ട്. പക്ഷേ, നിത്യചിലവുകൾക്ക് വകയില്ല. ഈ തിരിച്ചറിവാണ് ഫ്ലാറ്റുകൾ വാടകക്ക് നൽകി അതിൽനിന്നും ലഭിക്കുന്ന തുക ഓരോ കുടുംബത്തിനും ഭക്ഷണാവശ്യങ്ങൾക്കും കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾക്കുമായി വിനിയോഗിക്കാൻ തീരുമാനിച്ചത്.
ഫ്ലാറ്റ് നിർമ്മാണം പൂർത്തിയായപ്പോൾ 67 ലക്ഷം രൂപയാണ് ചിലവായത്. കഴിഞ്ഞ ഒന്നാം തീയതി സെൻട്രൽ ജമാ അത്ത് പ്രസിഡന്റ് ഹാജി പി.എം.അബ്ദുൽ സലാം പാറയ്ക്കൽ ബന്ധപ്പെട്ടവർക്ക് വീടിന്റെ താക്കോലുകൾ കൈമാറി. കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്തിന്റെ കീഴിലാണ് ഫ്ലാറ്റ് നിർമ്മിച്ചു നല്കിയത്. സാമ്പത്തികമായി മെച്ചപ്പെട്ട 13 പ്രാദേശിക വ്യക്തികളിൽ നിന്നാണ് ആദ്യം 42 ലക്ഷം പിരിച്ചെടുത്തത്. ഫ്ലാറ്റ് നിർമ്മാണം തുടങ്ങിയതോടെ കൂടുതൽ ആളുകൾ സാമ്പത്തിക സഹായം നല്കാൻ മുന്നോട്ടെത്തുകയായിരുന്നു. ഇതോടെ ഫ്ലാറ്റ് നിർമ്മാണം ധൃതഗതിയിൽ പൂർത്തിയാക്കാൻ സാധിച്ചുവെന്ന് കൺവീനർ സഫർ വലിയകുന്നം വ്യക്തമാക്കി. 2017 ഫെബ്രുവരിയിലാണ് ഫ്ലാറ്റ് നിർമ്മാണത്തിന് തറക്കല്ലിട്ടത്.
ഫ്ലാറ്റുകൾ കൈമാറിയ ചടങ്ങ് ആഘോഷത്തോടെയാണ് നടത്തിയത്. ചെറിയ തുക നൽകിയവരെപോലും ക്ഷണിച്ചു. എല്ലാവർക്കും മധുരപലഹാരം നൽകി. പി.എച്ച്.ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു. നൈനാർ പളളി ചീഫ് ഇമാം ഹാഫിസ് ഇജാസുൽ കൗസരി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം താജ് ജുമാ മസ്ജിദ് ചീഫ് ഇമാം എ.പി.ഷിഫാർ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.എം. മുഹമ്മദു ഫെയ്സി, ഇ.എ.നാസറുദ്ദീൻ മൗലവി, ഷെഫീഖ് താഴത്തുവീട്ടിൽ, നിസാർ കല്ലുങ്കൽ ,സിറാജ് തൈപറമ്പിൽ, പി.എ.ഷംസുദീൻ തോട്ടത്തിൽ, അബ്ദുൽ സമദ് മൗലവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.