water

നെടുംകുന്നം: എട്ടു കോടി രൂപയ്ക്ക് പൂർത്തിയാക്കിയ പഞ്ചായത്തിലെ 26 ജലനിധി പദ്ധതികളും പോരായ്മകൾ പരിഹരിച്ച് ശാക്തീകരിക്കാൻ വീണ്ടും തുക അനുവദിച്ചു. ജലനിധി സുസ്ഥിര പദ്ധതിയിൽ നിന്നും 1.55 കോടി രൂപയ്ക്ക് അംഗീകാരമായി. കൂടാതെ പഞ്ചായത്ത് വിഹിതമായി 23.35 ലക്ഷവും ഗുണഭോക്തൃ വിഹിതമായി 15.57 ലക്ഷവും വിവിധ സമിതികൾ കൂട്ടായി കണ്ടെത്തണം. നിലവിൽ 15 വാർഡുകളിലായി 26 കുടിവെള്ള വിതരണ പദ്ധതികളാണുള്ളത്. 1882 കുടുംബങ്ങളാണ് ഗുണഭോക്താക്കളായുള്ളത്.

വിപുലമാക്കാൻ ലക്ഷ്യം

നിലവിലെ പദ്ധതികൾ കൂടുതൽ വിപുലമാക്കുകയും പോരായ്മകൾ പരിഹരിക്കുകയുമാണ് ലക്ഷ്യം. സാങ്കേതികമായി പോരായ്മകളുള്ള പദ്ധതികൾ പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കും. ചില പദ്ധതികളിൽ നിരവധി പ്രശ്‌നങ്ങളുണ്ട്. ഇതിനാൽ കൃത്യമായി പല ഭാഗങ്ങളിലും വെള്ളം കിട്ടാറില്ല. മുതിരമല, ഓലിക്കര, മനക്കര, മ്ലാമല, ചേലക്കൊമ്പ്, മിഷ്യൻതോപ്പ്, നിലംപൊടിഞ്ഞ, വെളിയംകുന്ന്, മൈലാടി തുടങ്ങിയ പദ്ധതികളിലാണ് നിലവിൽ പ്രശ്‌നങ്ങളുള്ളത്. ഇവയെല്ലാം ശാക്തീകരിക്കും. കൂടുതൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തും. കൂടുതൽ പേർക്ക് വെള്ളം കേടായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുക, പൈപ്പുലൈനുകളിലെ പോരായ്മകൾ പരിഹരിക്കുക. ജലസ്രോതസുകൾ ശക്തിപ്പെടുത്തുക, കൂടുതൽ പുതിയ കണക്ഷനുകൾ നൽകുക തുടങ്ങിയ കാര്യങ്ങൾക്കാണ് ഫണ്ട് ഉപയോഗിക്കുന്നത്. ഇതോടെ പഞ്ചായത്തിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.