കോട്ടയം: സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊർജിതമായതോടെ മുഖ്യമന്ത്രി പരിഭ്രാന്തിയിലായെന്നും മൻമോഹൻ സിംഗാണ് ഡൽഹിയിലെന്ന ധാരണയിൽ കേന്ദ്ര അന്വേഷണ ഏജൻസികളോട് പിത്തലാട്ടം വേണ്ടെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്ന് പറഞ്ഞ പിണറായി വിജയൻ സത്യത്തോട് അടുക്കുമ്പോൾ പരിഭ്രാന്തനായി അന്വേഷണ ഏജൻസികൾക്കെതിരെ തിരിയുകയാണ്. വിരട്ടലും ഭീഷണിയും ഫെഡറൽ തത്വങ്ങളുടെ പേരുപറഞ്ഞുള്ള മുഖ്യമന്ത്രിയുടെ ആക്ഷേപങ്ങളും മോദി സർക്കാരിന്റെ മുന്നിൽ വിലപ്പോവില്ല. ഫയലുകൾ വിളിച്ച് ചോദിക്കുന്നതിനെയാണ് ഫെഡറൽ തത്വങ്ങൾക്കെതിരാണെന്ന് മുഖ്യമന്ത്രി പറയുന്നത്. ഇ.ഡി എവിടെയാണ് പരിധിവിട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലൈഫ് മിഷനിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ദേശീയ അന്വേഷണ ഏജൻസികളെ തടസപ്പെടുത്താനാണ് ശ്രമമെങ്കിൽ ശക്തമായ ജനവികാരം ഉയർത്തും.