www

 കുറഞ്ഞ ചെലവിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗുമായി കുമരകം

കോട്ടയം : കായലിന്റെ കുളിരും കാറ്റും. കൊട്ടും കുരവയും ആനയും ആർപ്പുവിളികളും. കല്യാണം കളറാക്കാൻ യുവമിഥുനങ്ങളെ കുമരകത്തെ റിസോർട്ടുകൾ മാടിവിളിക്കുകയാണ്. വിദേശ ടൂറിസ്റ്റുകൾ ആഘോഷമാക്കിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനുള്ള അവസരമാണ് കുറഞ്ഞ ചെലവിൽ ആകർഷകമായ പാക്കേജിൽ തദ്ദേശീയർക്കായി ഒരുക്കുന്നത്. കൊവിഡ് തരിപ്പണമാക്കിയ ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകുന്നതാണ് റിസോർട്ടുകളുടെ പുതിയ നീക്കം.

നാട്ടിൻപുറത്തെ വിവാഹങ്ങൾ റിസോർട്ടുകളിലേയ്ക്ക് പറിച്ചു നടാം. ഏത് മതാചാര പ്രകാരവും വിവാഹം കഴിക്കാം. 2017ൽ റിസോർട്ടുകളിൽ ആരംഭിച്ച ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വിജയകരമായി രണ്ടര വർഷത്തോളം പിന്നിട്ടപ്പോഴാണ് കൊവിഡ് വന്നത്. വിദേശത്ത് നിന്നടക്കമുള്ള ബുക്കിംഗുകൾ കൂട്ടത്തോടെ കാൻസലായി. കൊവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ആകർഷകമായ പാക്കേജിൽ വിവാഹാനുഭവം ഒരുക്കുകയാണ് റിസോർട്ടുകൾ. ഭക്ഷണവും താമസവുമടക്കമാണ് പാക്കേജ്. പൂർണമായും കൊവിഡ് പ്രോട്ടോക്കൾ പാലിച്ചാണ് പ്രവർത്തനം.

പാക്കേജ് 2.5 - 5 ലക്ഷം

കൊച്ചിയിൽ വിമാനമിറങ്ങുന്ന വിദേശികൾ കുമരകത്തെത്തി വധൂവരൻമാരും ബന്ധുക്കളും ഒരാഴ്ചയോളം തങ്ങി വിവാഹവും നടത്തി പോകുന്നതായിരുന്നു പതിവ്. വിവാഹവും ഹണിമൂണുമെല്ലാം ഒറ്റയടിക്ക് നടക്കും. ദമ്പതികൾക്കും ബന്ധുക്കളുമെല്ലാമായി താമസിക്കാൻ അമ്പതിലേറെ മുറികൾക്കും ബുക്കിംഗുണ്ടാവും. ഇവയെല്ലാം ഉൾപ്പെടുത്തി 15 ലക്ഷം രൂപ മുതലുള്ള പാക്കേജുകളായിരുന്നു മുൻപ്. നിലവിലെ പ്രതിസന്ധിയിൽ ഇത് 2.5 - 5 ലക്ഷം വരെയാക്കി. മുറികൾക്ക് ബുക്കിംഗില്ലെങ്കിലും പുതിയ ചുവടുവയ്പ്പ് കൊവിഡ് കാലത്ത് ആശ്വാസമാണ്. പങ്കെടുക്കാവുന്നവരുടെ എണ്ണം കുറഞ്ഞതോടെ വിവാഹ ബഡ്ജറ്റും കുറഞ്ഞു.

'' പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം. വിവാഹത്തിൽ അമ്പത് പേർക്ക് പങ്കെടുക്കാം. സദ്യയടക്കമുള്ള എല്ലാ സംവിധാനവും ഒരുക്കും. ഉത്തരവാദിത്വ ടൂറിസവുമായി സഹകരിച്ചാണ് പ്രവർത്തനം. അടുത്ത വർഷത്തേയ്ക്ക് വിദേശങ്ങളിൽ നിന്നുള്ള വിവാഹ ബുക്കിംഗുകൾ തുടങ്ങിയിട്ടുണ്ട്''

കെ.അരുൺ കുമാർ, സെക്രട്ടറി ചെമ്പർ ഒഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ്

 ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഒരുക്കുന്നത് : 10 റിസോർട്ടുകൾ