വൈക്കം : ലോട്ടറി സബ് ഓഫീസിൽ ലോട്ടറി തൊഴിലാളി ക്ഷേമനിധി അംശാദായം അടയ്ക്കുന്നതിനുള്ള സംവിധാനം പുന:സ്ഥാപിക്കണമെന്ന് ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ലോട്ടറി തൊഴിലാളികളുള്ള താലൂക്കിൽ ക്ഷേമനിധി അംശാദായം അടയ്ക്കാനായി മാസത്തിൽ 2 ദിവസം വൈക്കം സബ് ഓഫീസിൽ ഏർപ്പെടുത്തിയിരുന്ന സംവിധാനം കൊവിഡിനെ തുടർന്നാണ് നിറുത്തലാക്കിയത്. കൊവിഡ് വ്യാപനവും പൊതുഗതാഗത സൗകര്യക്കുറവും കാരണം രോഗികളും, ശാരീരികവൈകല്യവും, വാർദ്ധക്യത്തിന്റെ അവശതയും അനുഭവിക്കുന്ന തൊഴിലാളികൾക്ക് കോട്ടയത്ത് പോയി അംശാദായം അടയ്ക്കാനാകുന്നില്ലെന്നും ധനമന്ത്രി, ലോട്ടറി ഡയറക്ടർ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എൻ.അനിൽ ബിശ്വാസ്, എം.ടി.ലൂക്ക, രമേഷ് ബാബു, എൻ.ശ്രീകുമാരൻ തമ്പി, ശ്രീജേഷ്, വിഷ്ണു എന്നിവർ സംസാരിച്ചു.