കാഞ്ഞിരപ്പള്ളി : കങ്ങഴയിൽ ലളിതാംബിക അന്തർജനത്തിന്റെ പേരിൽ സാംസ്‌കാരിക സമുച്ചയത്തിന് 50 കോടി രൂപ അനുവദിച്ച പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ നടപടിയിൽ സാമൂഹ്യആഘാത പഠനം ആരംഭിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്. നാടകശാല, ആധുനിക നിലവാരത്തിലുള്ള സിനിമാ തിയേറ്റർ, സംഗീതശാല, ഓപ്പറ ഹൗസ്, ആർട്ട് ഗാലറി, പുസ്തക കടകൾ, ചെറുതും വലുതുമായ സെമിനാർ ഹാളുകൾ, ശിൽപികൾക്കും കരകൗശലവിദഗ്ദ്ധർക്കും പരിശീലനസൗകര്യം പണിശാല, നാടക റിഹേഴ്‌സൽ സൗകര്യം, കലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും ഹ്രസ്വകാല താമസ സൗകര്യങ്ങൾ എന്നിവയാണ് സമുച്ചയിത്തിലുണ്ടാകുക.
ഫോക് വില്ലേജ് സാറ്റലൈറ്റ് കേന്ദ്രം
സമുച്ചയം പൂർത്തിയാകുന്നതോടെ വിദേശികളും സ്വദേശികളുമടക്കം നിരവധി ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന കേന്ദ്രമായി കങ്ങഴ മാറും. വെള്ളാവൂരിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയായ ഫോക് വില്ലേജ് ഇതിന്റെ സാറ്റലൈറ്റ് കേന്ദ്രമാകും. റവന്യൂവകുപ്പിന്റെ നടപടികൾ പൂർത്തിയായാലുടൻ പദ്ധതിയുടെ സാങ്കേതികാനുമതി നൽകി ടെണ്ടർ നടപടികളിലേക്ക് കടക്കും.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സാംസ്‌കാരികരംഗത്തെ കുതിപ്പിൽ പദ്ധതി നിർണായകമാകും. എത്രയും വേഗം നടപടികൾ പൂർത്തിയാക്കി പദ്ധതി യാഥാർത്ഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോ.എൻ.ജയരാജ് എം.എൽ.എ