mg

കോട്ടയം: അസി.പ്രൊഫസർ തസ്‌തികയിലേയ്‌ക്കുള്ള അപേക്ഷാ ഫീസ് അഞ്ചിരിട്ടിയായി വർദ്ധിപ്പിച്ചതിന് പിന്നാലെ ഒരു കോഴ്സിലേയ്ക്ക് അപേക്ഷിക്കാൻ രണ്ട് തവണ ഫീസ് ഈടാക്കിയും എം.ജി. സർവകലാശാലയുടെ ക്രൂരത. സർവകലാശാലയ്ക്ക് കീഴിലെ സെൻട്രൽ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ് സ്റ്റഡീസിൽ (സിപാസ്) കോളേജുകളിലെ ബി.എഡ് ബാച്ചിലേയ്ക്കാണ് ഇരട്ട അപേക്ഷാ ഫീസ്. സിപാസിന്റെയും സർവകലാശാലയുടേയും വെബ് സൈറ്റിലൂടെ രണ്ട് തവണ അപേക്ഷാ ഫീസ് വാങ്ങിയെന്നതാണ് പരാതി.

ഏക ജാലകം വഴി സിപാസിന്റെ വെബ് സൈറ്റിലൂടെ അപേക്ഷിക്കാൻ 520 രൂപ ഫീസടക്കണമെന്നായിരുന്നു ആദ്യ നിർദേശം. ഒട്ടേറെ പേർ ഫീസ് അടച്ചു കഴിഞ്ഞപ്പോൾ സർവകലാശാലയുടെ വെബ്സൈറ്റിലൂടെ 1250 രൂപ ഫീസടച്ച് അപേക്ഷിക്കണമെന്നായി നിർദേശം. ആദ്യം ഫീസടച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അഡ്മിഷൻ വേണമെങ്കിൽ വീണ്ടും അപേക്ഷിക്കണമെന്നായിരുന്നു മറുപടിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഫലത്തിൽ ഒരു കോഴ്സിലേയ്ക്ക് രണ്ട് തവണയായി 1770 രൂപയാണ് വിദ്യാർത്ഥികൾ അടയ്ക്കേണ്ടി വന്നത്. ആദ്യ പണം തിരികെ കിട്ടുന്നത് സംബന്ധിച്ചുള്ള നിർദേശമൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല.

 പരാതിയുമായി വിദ്യാർത്ഥികൾ

ഇരട്ട ഫീസ് ഈടാക്കിയ സർവകലാശാലയ്ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജെലീലിന് വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. മറ്റു സർവകലാശാലകളേക്കാൾ ഇരട്ടിയിലധികം ഫീസാണ് എം.ജിയിൽ. പരമാവധി അറുനൂറ് രൂപവരെയാണ് മറ്റ് സർവകലാശാലകളിൽ ബി.എഡിന് അപേക്ഷിക്കാൻ നൽകേണ്ടത്. ഈ സാഹചര്യത്തിലാണ് എം.ജിയിലെ കൊള്ള.

'' പരാതി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായി അറിയിച്ചിട്ടുണ്ട്. എന്തിനാണ് ഒരു കോഴ്സിന് രണ്ട് ഫീസെന്ന് മാത്രം മനസിലാകുന്നില്ല''

എസ്.അനുജ, പരാതിക്കാരി