അടിമാലി: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലയിലെമ്പാടും നടത്തിയ സമരത്തിൽ പ്രതിഷേധമിരമ്പി. വ്യാപാര ദ്രോഹനയങ്ങൾ അവസാനിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത സമരം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള ഉദ്യോഗസ്ഥ പീഡനങ്ങൾ അവസാനിപ്പിക്കുക, റോഡ് വികസനത്തിന്റെ പേരിൽ സ്ഥാപനം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരത്തുക അനുവദിക്കുക, ജി.എസ്.ടിയുടെ പേരിൽ നടപ്പിലാക്കുന്ന അന്യായമായ പിഴശിക്ഷകൾ നിറുത്തി വയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അടിമാലിയിൽ കെ.എസ്.എഫ്.ഇ ശാഖയുടെ മുമ്പിൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ സമരം നടന്നു. വ്യാപാരി വ്യവസായി ഏകോപനസമതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി.എം. ബേബി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. വിനോദ്, ബ്ലോക്ക് പ്രസിഡന്റ് കെ.പി. ജോയി, ജനറൽ സെക്രട്ടറി ഡയസ് പുല്ലൻ എന്നിവർ സംസാരിച്ചു.